വലിയ മീനുകൾ...


പ്രദീപ് പുറവങ്കര

സാന്പത്തിക ബുദ്ധിമുട്ട് ഏറിയിരിക്കുന്ന ഈ കാലത്ത് കുടുംബവുമായി ഗൾഫിൽ താമസിക്കുന്ന വലിയൊരു വിഭാഗം സാധാരണ പ്രവാസിക്ക് തന്നെ അവന്റെ ദിവസം ആരംഭിക്കേണ്ടി വരുന്നത് ക്രെഡിറ്റ് കാർഡ് നൽകിയ ബാങ്കിൽ നിന്നോ, ലോണെടുത്ത സ്ഥാപനത്തിൽ നിന്നോ ഉള്ള കലക്ഷൻ കോളിന് മറുപടി പറഞ്ഞു കൊണ്ടാണ്. വല്ല വിധേനയും ആ പണം അടച്ച് രക്ഷപ്പെടാൻ ഒരു സാധാരണക്കാരൻ ആത്മാർത്ഥമായി ശ്രമിക്കുമെങ്കിലും, ചില വന്പമാർ അങ്ങിനെയല്ല എന്നതാണ് മനസിലാകുന്നത്. ആഗോള ബാങ്കുകളെ വലിയ രീതിയിൽ പറ്റിക്കുവാൻ ശ്രമിക്കുന്നവർ നമ്മുടെ ഇടയിൽ ഏറി വരുന്നുണ്ട് എന്നും വാർത്തകൾ വരുന്നു. വലിയ ബാങ്കുകളിൽ നിന്ന് ആകുന്നത്ര കടം വാങ്ങി സ്ഥലം വിടുക എന്നത് ഗൾഫ് മേഖലയിലെ പല വലിയ കച്ചവടക്കാരുടെയും പ്രധാനലക്ഷ്യമായി മാറുന്നുണ്ടെന്നാണ് പല വാർത്താറിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. 

യുഎഇയിലെ ബാങ്കുകളിൽ നിന്ന് ഏറ്റവുമധികം പണം ഇത്തരത്തിൽ തട്ടിയെടുത്തത് എഴുന്നൂറിൽപരം ഇന്ത്യക്കാരാണത്രെ. ഇതിൽ തന്നെ 376 പേർ മലയാളികളാണെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇവിടെ നിന്ന് പതിനായിരം കോടി രൂപയെങ്കിലും തട്ടിയെടുത്തിട്ടുണ്ടെന്നും, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ എന്നീ മറ്റ് ഗൾഫ് നാടുകളിലെ ബാങ്കുകളിൽ നിന്നും ഇന്ത്യക്കാർ 30,000 കോടി രൂപയെങ്കിലും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയെന്നും റിപ്പോർട്ട് സൂചിപിക്കുന്നു. അബുദാബി കമേഴ്‌സ്യൽ ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്‌സ് നാഷണൽ ബാങ്ക് ഓഫ് ദുബായ്, കമേഴ്‌സ്യൽ ബാങ്ക് ഓഫ് ദുബായ്, നാഷണൽ ബാങ്ക് ഓഫ് റാസൽഖൈമ, നാഷണൽ ബാങ്ക് ഓഫ് ഫുജൈറ, ഷാർജാ ഇസ്‌ലാമിക് ബാങ്ക് എന്നിവയാണ് കബളിപ്പിക്കപ്പെട്ട യു.എ.ഇ ബാങ്കുകളിൽ പ്രധാനപ്പെട്ടവ. ഇവിടെ നിന്ന് പണം തട്ടി മുങ്ങിയവരൊക്കെ ഇപ്പോൾ നാട്ടിലോ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളിലോ ഒളിവിലാണെന്ന് ബാങ്കുകളുടെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. യുഎഇയിലെ ഒരു ബാങ്കിന്റെ കണക്കനുസരിച്ച് നൂറോളം മലയാളികൾ ബാങ്കിനെ കബളിപ്പിച്ച് തട്ടിയെടുത്തത് 1200 കോടിയിൽപരം രൂപയാണ്. തട്ടിപ്പുകാരെല്ലാം ഹവാലാ ഇടപാടുകൾ വഴി ഇന്ത്യയിലെത്തിച്ച പണം അന്യസംസ്ഥാനങ്ങളിൽ ബിനാമി പേരുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇവർ കണ്ടെത്തിയിട്ടുണ്ട്.  ഈ പണം നിയമപരമായി തിരികെ ഈടാക്കാൻ കേരളമടക്കമുള്ള സ്ഥലങ്ങളിലേയ്്ക്ക് ബാങ്ക് അധികൃതർ യാത്ര ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. നിയമ നടപടികൾ വർഷങ്ങളോളം നീളുമെന്നതിനാൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തോടും, കേരളത്തിലെ ആഭ്യന്തര വകുപ്പിനോടും നേരിട്ട് ചർച്ചകൾ നടത്തുവാൻ ആണത്രെ ഈ ബാങ്കുകളുടെ കൺസോർഷ്യം തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയും യുഎഇയും മറ്റ് ഗൾഫ് രാജ്യങ്ങളുമായി കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള കരാറുള്ളതിനാൽ പ്രതികളെ വിട്ടുകിട്ടണമെന്നും ഇവർ ആവശ്യപ്പെടും. ഹ്വസ്വ സന്ദർശനത്തിനായി ഗൾഫിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ  നേരിൽ‍ക്കണ്ട് ഇന്ത്യാക്കാർ നടത്തിയ ഭീമമായ ഈ സാന്പത്തിക തട്ടിപ്പുകളെക്കുറിച്ചും ബാങ്ക് അധികൃതർ ചർച്ച നടത്തുമെന്നറിയുന്നു.  ഗൾഫിലെ സാന്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോഴും വളരെ ചുരുക്കം പേരെ മാത്രമാണ് നമ്മൾ പൊതുജനം അറിയുന്നത് എന്ന യാത്ഥാർത്ഥ്യമാണ് ഈ വാർത്തകളിലൂടെ തെളിഞ്ഞു വരുന്നത്. !!

You might also like

Most Viewed