മരണത്തോ­ടൊ­പ്പം ജീ­വി­തവും...


പ്രദീപ് പുറവങ്കര

ബഹ്റൈനിലെ പ്രവാസികൾക്കിടയിൽ മരണ നിരക്ക് കൂടുന്നുവെന്ന ആശങ്ക പരക്കുന്ന ഒരു കാലമാണിത്. 2018 ആരംഭിച്ചത് മുതൽ 45 ദിവസത്തിനുള്ളിൽ 49  ഇന്ത്യക്കാർ മരണപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  കൂടുതലൽ മരണവും ഹൃദയാഘാതം കാരണമാണ് സംഭവച്ചിരിക്കുന്നത്.  ഓരോ മരണത്തിനും ഇത്തരത്തിലുള്ള ഓരോ കാരണങ്ങൾ മനുഷ്യൻ കണ്ടെത്താറുണ്ട്. അതിന് ശേഷം വന്ന രോഗത്തിനുള്ള കാരണവും നമ്മൾ ചർച്ച ചെയ്യും. ഹൃദയാഘാതത്തിനും പല തരം കാരണങ്ങൾ നമ്മൾ ചർച്ച ചെയ്യാറുണ്ട്. വ്യായാമം ഇല്ലാത്തത് മുതൽ തെറ്റായ ഭക്ഷണ രീതി വരെ പൊതുവായി പറയപ്പെടുന്ന ചില കാരണങ്ങളാണ്. ചിലരെങ്കിലും മാനസിക സമ്മർദ്ദത്തെ പറ്റിയും സൂചിപ്പിക്കുന്നു. അതേ സമയം ഈ കാലയളവിൽ മരണപ്പെട്ട ചിലർ നന്നായി തന്നെ അവരുടെ ശരീരത്തെ നോക്കുന്നവരാണെന്നും, ചിലർക്ക് യാതൊരു വിധ മാനസിക പ്രയാസങ്ങളും ഉണ്ടായിട്ടില്ലെന്നും പറയുന്നു. അപ്പോൾ മരണമെന്ന പ്രഹേളികയ്ക്ക് ഒരു ശരിയായ ഉത്തരം കണ്ടെത്താനും സാധിക്കുന്നില്ല. എന്തായാലും പ്രവാസ ലോകത്ത് ഈ ഒരു പ്രശ്നം കൂടുതൽ ചർച്ച ചെയ്യപ്പേടേണ്ടതുണ്ടെന്നത് വാസ്തവമാണ്. പ്രത്യേകിച്ച് ഇവിടെയുള്ള കൂട്ടായ്മകൾക്ക് ഈ ഒരു വിഷയത്തിൽ ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. 

ഇതോടൊപ്പം തന്നെ പ്രവാസലോകത്ത് വരും ദിവസങ്ങളിൽ അവധിയുടെ ആഘോഷങ്ങൾ ആരംഭിക്കുന്നതിനെ പറ്റിയും ഓർമ്മിപ്പിക്കട്ടെ. പുതിയ സാന്പത്തിക ബാധ്യതകൾ കാരണം കുറേ പേരെങ്കിലും ഇത്തവണ നാട്ടിലേയ്ക്ക് തിരികെ പറിച്ചുനടപ്പെട്ടുമെന്നാണ് നിരീക്ഷകർ കരുതുന്നത്. കുറഞ്ഞ പക്ഷം ജീവിതം വഴിമുട്ടാതിരിക്കാൻ കുടുംബത്തെയെങ്കിലും മണലാരണ്യത്തിൽ നിന്ന് ചിലരെങ്കിലും മാറ്റിയേക്കാം. സത്യത്തിൽ ഏറെ കരുതൽ വേണ്ട ഒരു കാര്യം കൂടിയാണിത്. പലരും കുടുംബവുമായി ഏറെ വർഷങ്ങൾ ഗൾഫിൽ കഴിഞ്ഞവരായിരിക്കാം. പെട്ടന്ന് ഒരു ദിവസം തനിച്ചായി പോകേണ്ടി വരുന്ന അവസ്ഥ അവർക്ക് എത്രത്തോളം താങ്ങാൻ പറ്റുമെന്നത്  ചിന്തനീയമായ കാര്യമാണ്. 

അച്ഛനെ കാണാതിരിക്കുന്ന മക്കളുടെയും ഭാര്യയെ കാണാതിരിക്കുന്ന ഭർത്താവിന്റെയും, ഭർത്താവിനെ പിരിയേണ്ടി വരുന്ന ഭാര്യയുടെയും സങ്കടങ്ങൾ അത് അനുഭവിച്ചവർക്ക് മാത്രമേ മനസിലാകൂ. ഫോണിലൂടെയും ഇന്റർനെറ്റിലൂടെയും കൈമാറുന്ന സ്നേഹബന്ധങ്ങൾക്ക് അതിന്റേതായ പരിമിതിയുമുണ്ട്. പലർക്കും ഫോണിലൂടെ സംസാരിക്കുന്പോൾ പറയാൻ വിഷയങ്ങൾ പോലുമുണ്ടാകില്ല. മക്കളോടാണെങ്കിൽ നന്നായി പഠിക്കുന്നുണ്ടല്ലോ എന്നും ഭാര്യയോടാണെങ്കിൽ എന്താ വേണ്ടത് തുടങ്ങിയുള്ള പതിവ് ചോദ്യങ്ങളും, അതിന് ചുരുക്കം വാക്കുകളിലുള്ള പ്രതികരണങ്ങളിലും ആ സംഭഷണങ്ങൾ പെട്ടന്ന് മരിച്ചുപോകുന്നു. പ്രായോഗിക ജീവിതത്തിൽ പ്രകടിപ്പിക്കുന്ന സ്നേഹം മാത്രമേ വിലമതിക്കപ്പെടാറുള്ളൂ എന്ന് പറയാറുണ്ട്. അത്തരമൊരു ഭാഗ്യം പ്രിയപ്പെട്ടവരിൽ നിന്ന് വേർപിരി‍‍‍‍ഞ്ഞിരിക്കുന്നവർക്ക് മിക്കപ്പോഴും ലഭിക്കാറില്ല. ഗൾഫിൽ കഴിയുന്ന പല ബാച്ചിലർ അച്ഛൻമാരും ഇന്നും ഭാര്യ വഴി മക്കളോട് കാര്യങ്ങൾ പറയുന്നവരാണ് എന്നതാണ് സത്യം. ഇത്തരം മാനസികമായ കുറേ പ്രശ്നങ്ങളെ പറ്റി ഗൾഫ് പ്രവാസികൾ അധികം ചിന്തിക്കാറില്ല എന്നതാണ് യാത്ഥാർത്ഥ്യം. പ്രവാസലോകത്തിലെ കൂട്ടായ്മകൾ ഇത്തരം പ്രശ്നങ്ങളെ പറ്റി ബോധവത്കരണ ക്യാന്പുകൾ സംഘടിപ്പിക്കുന്നതും നന്നായിരിക്കുെമന്ന് ഓർമ്മിപ്പിക്കട്ടെ.. !! 

You might also like

Most Viewed