ഹോ­ക്കി­ംങ് വി­ടപറയു­ന്പോൾ ...


പ്രദീപ് പുറവങ്കര

ചില മനുഷ്യർ വിടവാങ്ങുന്പോൾ അസ്തമിക്കുന്നത് ഒരു കാലമാണ്. അത്തരമൊരു കാലമാണ് ഇന്ന് അവസാനിച്ചിരിക്കുന്നത്. സ്റ്റീഫൻഹോക്കിംങ് എന്ന ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞൻ തീർച്ചയായും ഈ കാലഘട്ടം കണ്ട ഒരു മഹാപ്രതിഭ തന്നെയായിരുന്നു. അതിരുകളില്ലാത്ത ആകാശത്തിലേക്കും, ജീവന്റെ തുടിപ്പുകളിലേക്കും  സഞ്ചരിക്കാൻ മനുഷ്യന് അറിവിന്റെ വെളിച്ചം നൽകി ഏറെ സ്വപ്നങ്ങൾ ബാക്കി വെച്ച് തന്റെ എഴുപത്തി ആറാം വയസ്സിൽ ഇദ്ദേഹം മരണപ്പെടുന്പോൾ നഷ്ടമാകുന്നത് ഈ നൂറ്റാണ്ടിൽ  ലോകം കണ്ടതിൽ വെച്ച്  ഏറ്റവും പ്രമുഖനായ ശാസ്ത്രജ്ഞനെയാണ്. അറുപത് വർ‍ഷങ്ങളായി ശരീരം തളർ‍ന്ന നിലയിൽ വീൽ‍ ചെയറിൽ കഴിയുന്ന അദ്ദേഹം ആ അവസ്ഥയിൽ ജീവിച്ചാണ് ലോകത്തിന് അമൂല്യമായ ശാസ്ത്ര സംഭാവനകൾ നൽകിയത്. നക്ഷത്രങ്ങൾ നശിക്കുന്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ രൂപപ്പെട്ടതാണ്‌. അതുകൊണ്ട് തന്നെയാണ് ആൽ‍ബർ‍ട്ട് ഐൻസ്റ്റീൻ കഴിഞ്ഞാൽ ഏറ്റവും പ്രഗത്ഭരായ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞന്മാരിൽ ഒരാളായി ഇദ്ദേഹം മാറിയത്. 

തന്റെ ഗവേഷണ പഠന സമയത്താണ് കൈകാലുകൾ തളർന്നുപോകുന്ന തരത്തിലുള്ള നാഡി രോഗം ഇദ്ദേഹത്തെ ബാധിക്കുന്നത്.  എ ബ്രീഫ് ഹിസ്‌റ്ററി ഓഫ് ടൈം (സമയത്തിന്റെ സംക്ഷിപ്ത ചരിത്രം) എന്ന പുസ്തകമാണ്  ഹോക്കിംങ്ങിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്. 2004 ജൂലൈയിൽ ഡബ്ലിനിൽ ചേർന്ന രാജ്യാന്തര ഗുരുത്വാകർഷണ പ്രപഞ്ചശാസ്ത്ര സമ്മേളനത്തിൽ സ്റ്റീഫൻ ഹോക്കിംങ് അവതരിപ്പിച്ച പുതിയ സിദ്ധാന്തം തമോഗർത്തങ്ങളെക്കുറിച്ച് (ബ്ലാക്ക് ഹോൾ) അന്നോളമുള്ള പല ധാരണകളെയും തിരുത്തിക്കുറിക്കുന്ന ഒന്നായിരുന്നു.

മനുഷ്യരാശിയുടെ വികസനത്തിലെ ഏറ്റവും അപകടകരമായ സന്ദർ‍ഭത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് പല തവണ ഇദ്ദേഹം ലോകത്തെ ഓർമ്മിപ്പിച്ചിട്ടുണ്ട്. നമ്മൾ ജീവിക്കുന്ന ഭൂമിയെന്ന ഗ്രഹത്തെ നശിപ്പിക്കാനുള്ള സാങ്കേതികവിദ്യങ്ങൾ മനുഷ്യൻ തന്നെ വികസിപ്പിച്ചിട്ടുണ്ടെങ്കിലും  അതിനെ രക്ഷിക്കാനുള്ള ശേഷി വികസിപ്പിക്കാൻ ഇനിയും സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു പക്ഷെ ഒരു നൂറു വർ‍ഷത്തിനുള്ളിൽ നമ്മൾ മറ്റ് ഗ്രഹങ്ങളിലേക്ക് കുടിയേറിയേക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അതിന് മുന്പ് ഇപ്പോൾ കൈവശമുള്ള ഭൂമിയയെ സംരക്ഷിക്കാൻ മനുഷ്യവർഗം യോജിക്കണമെന്നും, അതിനായി രാജ്യങ്ങൾക്കകത്തും പുറത്തമുള്ള മതിലുകൾ  ഇടിച്ചു നിരത്തേണ്ടിയിരിക്കുന്നുവെന്നും ആ ശാസ്ത്രജ്ഞൻ ആഗ്രഹിച്ചു. വിഭവങ്ങൾ ചുരുക്കം ചില കരങ്ങളിലേക്ക് മാത്രം ചുരുങ്ങിപ്പോകുന്ന കാലത്ത് ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ പങ്കുവെയ്ക്കാൻ മനുഷ്യൻ തയ്യാറാവണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. കൃത്രിമ ബുദ്ധിയുടെ വളർച്ച, കാലാവസ്ഥ മാറ്റത്തിന്റെ വിനാശങ്ങൾ‍, അടുത്ത നൂറ്റാണ്ടിലെ ആണവ ഭീകരത എന്നിവയെല്ലാം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ആശങ്കകളാണ്. ഭൂമി വിട്ടുപോകുന്നതാണ് നമ്മുടെ നിലനിൽ‍പ്പിനുള്ള മികച്ച പ്രതീക്ഷയെന്ന് ചിന്തിച്ചിരുന്ന ആ മഹാശാസ്ത്രപ്രതിഭ ഭൂമിയിൽ ഇനി ഇല്ല എന്നത് ശാസ്ത്രത്തെ സ്നേഹിക്കുന്നവർക്ക് ഏറെ വേദന നൽകുന്ന കാര്യമാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്...

You might also like

Most Viewed