അച്ചടി­മണമു­ള്ള പു­സ്തകങ്ങൾ...


പ്രദീപ് പുറവങ്കര

ഇന്ന് ഏപ്രിൽ‍ 23.  ലോക പുസ്തകദിനമായിട്ടാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. 1923 ഏപ്രിൽ 23നാണ് സ്‌പെയിനിൽ പുസ്തക ദിനം ആചരിച്ചുതുടങ്ങുന്നത്. ഇവിടെയുണ്ടായിരുന്ന വിഖ്യാത എഴുത്തുകാരൻ മിഷേൽ ഡി സെര്‍വാന്റിസിന്റെ ചരമവാർഷിക ദിനമാണ് ഏപ്രിൽ 23. പിന്നീട് 1995 ൽ യുനെസ്‌കോയും ഈ ദിനം ലോക പുസ്തകദിനമായി ആചരിക്കാൻ ആരംഭിച്ചു. വിശ്വസാഹിത്യ നായകനായ വില്യം ഷേക്‌സ്പിയറുടെ ജനന മരണ തീയ്യതിയും ഏപ്രിൽ 23 ആണെന്നതും ഇതിന് കാരണമായി. ഷേക്‌സ്പിയറെ കൂടാതെ ഇൻകാ ഗാർസിലാസോ ഡി ലാവേഗയുടെ ചരമ ദിനവും മൗറിസ് ഡ്രൗൺ, മാനുവൽ മെജിയ വലേദോ, ഹാൾഡർ ലാക്‌സ്‌നസ്സ് എന്നീ സാഹിത്യകാരുടെ ജന്മദിനവും ഈ ദിവസം തന്നെയാണ്.

ഓരോ വായനയും, ഓരോ പുസ്തകവും ഒരാൾക്ക്  നൽകുന്നത് അവർക്ക്് ചുറ്റുമുള്ള, അവർ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ലോകങ്ങളിലൂടെയുള്ള നീണ്ട സഞ്ചാരമാണ്. പലപ്പോഴും ഓരോ പുസ്തകവും പല തവണ വായിക്കുന്പോൾ വ്യത്യസ്തമായ അനുഭവങ്ങളാണ് വായനക്കാരന് അത് സമ്മാനിക്കുന്നത്. അതേസമയം ഇന്ന് പുസ്തകങ്ങൾക്ക് പുറമേ വായനയുടെ ഇടങ്ങളും ഏറെ മാറിയിരിക്കുന്നു. കഥകളും നോവലുകളും മുതൽ എന്തും ഒരു വിരൽ തുന്പിനപ്പുറം കിട്ടുന്ന ഈ കാലത്ത് പുസ്തകങ്ങളിൽ നിന്ന് ഓൺലൈനിലേയ്ക്ക് വായന മാറ്റിയവരുടെ എണ്ണവും സ്വാഭാവികമായും വർദ്ധിച്ചിട്ടുണ്ട്. എങ്കിലും വായനയുടെ പൂർണ്ണതയ്ക്ക് അക്ഷരങ്ങൾ ചേർത്തുവച്ച പുസ്തകക്കടലാസുകൾ തന്നെ മിക്കവർക്കും വേണമെന്ന അവസ്ഥയും നിലനിൽക്കുന്നു. ഡെസ്ക്ടോപ്പുകളിലും, മൊബൈലിന്റെ സ്ക്രീനുകളിലും എത്ര തന്നെ വായന നടന്നാലും ഒരു പുസ്തകത്തിന്റെ താൾ മറിക്കുന്ന സുഖമോ അനുഭൂതിയോ ഒരു വായനക്കാരന് ലഭിക്കില്ലെന്ന് അഭിപ്രായമാണ് മിക്കവർക്കും ഉള്ളത്.  അതിന്റെ തെളിവാണ് വർഷം തോറും പുസ്തകങ്ങളുടെ പ്രസാധനത്തിൽ ഉണ്ടായികൊണ്ടിരിക്കുന്ന വർദ്ധനവ്. 15 മുതൽ 20 ശതമാനം വരെ വർ‍ദ്ധനവുണ്ടെന്നാണ് പല കണക്കുകളും സൂചിപ്പിക്കുന്നത്. മലയാളത്തിലാണെങ്കിൽ ആധുനിക എഴുത്തുകാരേക്കാൾ ഇന്നും ബഷീറിനെയും തകഴിയേയും എസ്‌കെയെയും എംടിയേയും തേടിവരുന്നവരാണ് ഏറെയും എന്നതും ഇത്തരം കണക്കുകളിലൂടെ പുറത്ത് വന്നിട്ടുള്ള കാര്യമാണ്.  കേരളത്തിൽ ലൈബ്രറികൗൺസിലും അതു പോലെ സ്വകാര്യ പബ്ലിഷിങ്ങ് സ്ഥാപനങ്ങളും നടത്താറുള്ള പുസ്തമേളകളിൽ ലക്ഷകണക്കിന് പുസ്തകങ്ങളാണ് ഇന്ന് വിറ്റഴിയുന്നത്. നമ്മുടെ നാട്ടിൽ ലൈബ്രറികൾക്കുള്ള ഗ്രാന്റ് വർ‍ദ്ധിപ്പിച്ചതും കേരളത്തിൽ പുസ്തകങ്ങളുടെ വിൽപന കൂടാൻ കാരണമായിട്ടുണ്ട്. 

വായിച്ചാൽ വളരും, വായിച്ചില്ലെങ്കിൽ വളയും എന്ന പ്രയോഗത്തെ അന്വർത്ഥമാക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അനാവശ്യമായ അറിവുകളുടെ വെള്ളപ്പൊക്കമാണ് ഓരോ നിമിഷവും നമ്മുടെ ചുറ്റും നമ്മൾ ആഗ്രഹിക്കാതെ നമ്മുടെ ചിന്തകളിലേയ്ക്ക് എത്തികൊണ്ടിരിക്കുന്നത്. വാട്സാപ്പിലൂടെയും, ഫേസ്ബുക്കിലൂടെയുമൊക്കെ ലഭിക്കുന്ന ഇത്തരം അനാവശ്യ അറിവുകൾ മനസുകളെ മലിനീകരിക്കുന്ന കാലത്ത് പുസ്തകങ്ങളുടെ പ്രസക്തി വർദ്ധിക്കേണ്ടതുണ്ടെന്ന് ഓർമ്മപ്പെടുത്തി കൊണ്ട്.. 

You might also like

Most Viewed