ഇരട്ട വേഷക്കാരൻ


കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേശകൻ എം.കെ ദാമോദരൻ സർക്കാർ എതിർകക്ഷിയാകുന്ന കേരള ജനതാൽപര്യങ്ങൾക്ക് വിരുദ്ധമായ കേസുകളിൽ തുടർച്ചയായി കോടതിയിൽ ഹാജരായി കേരളജനതയെ കൊഞ്ഞനം കുത്തുന്ന ഇരട്ട വേഷക്കാരൻ ആകുകയാണ്!? ആദ്യമായി ഹാജരായത് ലോട്ടറി തട്ടിപ്പു കേസിലെ പ്രതി സാൻ്റിയാഗോ മാർട്ടിനു വേണ്ടി. കള്ളപ്പണം വെളുപ്പിക്കൽ, ഗൂഢാലോചന, വിശ്വാസ വഞ്ചന, അഴിമതി, എന്നിവയാണ് മാർട്ടിന് എതിരായ കേസുകൾ. കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ സമ്മാനമില്ലാത്ത ലോട്ടറി നൽകി പറ്റിച്ച മഹാനാണ് ഇദ്ദേഹം!? ഇയാൾക്കാണ് മുഖ്യമന്ത്രിയുടെ സൂപ്പർ നിയമോപദേശകന്റെ സഹായം. 

കേരള സർക്കാരിന് നിയമം ഉപദേശിക്കാൻ അഡ്വ.ജനറലും മറ്റ് ഒട്ടനവധി സർക്കാർ വക്കീലൻമാരും ഉള്ളപ്പോൾ കേരള സർക്കാർ ചരിത്രത്തിൽ ഇതുവരെയില്ലാത്ത കീഴ്്വഴക്കം സൃഷ്ടിച്ച് മുഖ്യമന്ത്രിക്ക് മാത്രമായി ഒരു പ്രത്യേക ഉപദേശകൻ എന്തിനാണ്? ഇദ്ദേഹം സർക്കാരിൽ നിന്ന് പ്രതിഫലം പറ്റാതെയാണ് നിയമോപദേശം നടത്തുന്നത്. അതിനാൽ അദ്ദേഹത്തിന് സർക്കാർ താൽപര്യത്തിന് എതിരായ അഴിമതി, കോറി മാഫിയ കേസുകൾ വാദിക്കുന്നതിൽ തെറ്റില്ല എന്നാണ് മുഖ്യമന്ത്രി പിണറായിയുടെ താത്വീക വിശദീകരണം. ഇതു തന്നെയല്ലേ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സരിതാ കേസിലും പറഞ്ഞത്. സർക്കാരിന് ഒരു രൂപ നഷ്ടമില്ലാത്ത കേസാണിതെന്നും അതുകൊണ്ട് സർക്കാരിന് പങ്കില്ലെന്നും പക്ഷേ സർക്കാരിന്റെ എല്ലാ സൗകര്യങ്ങൾ ഉപയോഗിച്ചും മന്ത്രിമാരുമായി ചങ്ങാത്തത്തിലായും ജനങ്ങളെ പറ്റിച്ചു എന്നു മാത്രം. കുഞ്ഞാലിക്കുട്ടിയുടെ കേസ് പറഞ്ഞ് വോട്ടു പിടിക്കാം കേസ് കോടതിയിൽ വരുന്പോൾ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ നിലപാട് സർക്കാർ വക്കീലിന് എടുക്കാം, ഇവിടേയും ഇരട്ടവേഷക്കാരന്റെ റോൾ വ്യക്തം. കോൺഗ്രസ് നേതാവിനെ കശുവണ്ടി അഴിമതിക്കേസിലും കോറി മാഫിയകൾക്കു വേണ്ടിയും മുഖ്യമന്തിയുടെ നിയമോപദേശകൻ കോടതിയിൽ ഹാജർ!? ഇതിനെല്ലാം ദാമോദരന് അവകാശമുണ്ടെന്ന് മുഖ്യമന്ത്രി ആവർത്തിക്കുന്നു. സർക്കാർ വാദിയായ കേസുകളിൽ നിയമോപദേശം നൽകണമെങ്കിൽ ബന്ധപ്പെട്ട ഫയൽ പഠിക്കണം. ഈ ഫയൽ പഠിച്ച് നേരെ പോയി പ്രതീക്കു വേണ്ടി വാദിക്കുന്നു. എത്ര നല്ല കീഴ്്വഴക്കം!

വാദിയുടെ വീട്ടിൽ ഉറക്കം പ്രതിയുടെ വീട്ടിൽ ഭക്ഷണം. പണം വാങ്ങാതെ സർക്കാരിനും, പണം വാങ്ങി തട്ടിപ്പുകാർക്കും നിയമോപദേശം നൽകുന്നയാൾക്ക് ആരോടായിരിക്കും കൂടുതൽ പ്രതിബദ്ധത!? സർവ്വ സംഗ പരീത്യാഗിയല്ലാത്ത ഒരാൾ തന്റ സേവനം സൗജന്യമായി നൽകുന്പോൾ അയാൾ തന്റെ സേവനത്തിന്റെ വില മറ്റേതോരീതിയിൽ ഈടാകുന്നുണ്ടെന്ന് ഉറപ്പാക്കാം. ലാവ്ലിൻ കേസിലെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ പിണറായിക്ക് തന്നെ പിണക്കാൻ കഴിയില്ലന്ന് ദാമോദരൻ വിലയിരുത്തുന്നത് പക്ഷേ അത് ജനതാൽപര്യങ്ങൾക്ക് വിരുദ്ധമാക്കുന്പോൾ കനത്ത വില നൽകേണ്ടി വരും. 

ബ്രിജിലാൽ കൊടുങ്ങല്ലൂർ, ബഹ്റിൻ.

You might also like

Most Viewed