ശി­ക്ഷി­ക്കു­കയല്ല, സംരക്ഷി­ക്കു­കയാണ് നമ്മൾ ചെ­യ്യേ­ണ്ടത്....


കഴിഞ്ഞ ദിവസം ശ്രദ്ധയിൽപെട്ട ഒരുവാർത്ത ഏറെ വേദനിപ്പിക്കുന്നതായിരുന്നു. പത്തനാപുരത്ത് രോഗംബാധിച്ച് ഏറെനാളായി കിടപ്പിലായ 59കാരനെ മൊെബെൽ‍ ഫോൺ ചാർ‍ജറിന്റെ വയർ ‍കൊണ്ട് ശ്വാസംമുട്ടിച്ച് ഭാര്യ കൊലപ്പെടുത്തിയെന്നായിരുന്നു ആ വാർത്ത. കൊലപ്പെടുത്തിയ ശേഷം സ്വാഭാവികമരണം എന്ന നിലയിൽ ഭാര്യ മകളേയും മറ്റുള്ളവരേയും പറഞ്ഞു വിശ്വസിപ്പിച്ചു എന്ന് കൂടെ കേട്ടപ്പോൾ കൊലപാതകിയായ ഭാര്യ കുറ്റംകൃത്യം മറച്ചുവെക്കാൻ തക്കവണ്ണത്തിൽ കരുതലെടുത്തിരിക്കുന്നു എന്ന ചിന്ത ഞെട്ടലുളവാക്കുന്നതായിരുന്നു. സംരക്ഷിക്കാൻ‍ ആളില്ലാത്തതിനാലാണ് ഈ ഹീനകൃത്യം ചെയ്തതെന്ന് ഭാര്യ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇതാണ് ഇന്നത്തെ ലോകം. രോഗാവസ്ഥയും, വാർദ്ധക്യവും, എന്തിന് ബാല്യത്തെ പോലും ഗുരുതരമായ തെറ്റായാണ് ഇവിടെ പലരും കാണുന്നത്.  ഈ മൂന്ന് അവസ്ഥകൾക്ക് അടിമപ്പെടേണ്ടി വരുന്ന “ഇരകൾ” നേരിടുന്ന പ്രതിസന്ധികൾ സങ്കീർണങ്ങളാണ്. ഈ മൂന്ന് അവസ്ഥകളിലും പരസഹായം കൂടിയേ തീരൂ... അവിടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. കൂട്ടുകുടുംബ സന്പ്രദായം നിലനിന്നിരുന്ന കാലത്ത് നമുക്ക് എന്തിനും ഏതിനും ആളുകൾ ഉണ്ടായിരുന്നു. അവിടെ നിന്ന് മനുഷ്യൻ സ്വാർത്ഥനായപ്പോൾ മുത്തശ്ശി, മുത്തശ്ശൻ അച്ഛൻ അമ്മ മക്കൾ എന്ന രീതിയിലേക്ക് കുടുംബം ചുരുങ്ങി. കാലം പിന്നേയും സഞ്ചരിച്ചു മനുഷ്യ ചിന്താഗതി പിന്നെയും ഇടുങ്ങി അത് അച്ഛൻ, അമ്മ, മക്കൾ എന്ന ലക്ഷ്മണ രേഖയിലൊതുങ്ങി. എന്നാൽ ഇപ്പോൾ മനുഷ്യൻ സ്വാർത്ഥയുടെ മൂർദ്ധന്യത്തിലെത്തി നിൽക്കുന്പോൾ ഞാൻ എനിക്ക് വേണ്ടി മാത്രം എന്ന ചിന്തയിലായിരിക്കുന്നു കാര്യങ്ങൾ. സ്വന്തം സ്വാർത്ഥയ്ക്ക് വേണ്ടി ലാളിച്ചു വളർത്തിയ മാതാപിതാക്കളെ,  ജീവിതത്തിൽ നിഴലുപോലെ കൂടെ നിന്ന ഭാര്യയെ, ഭർത്താവിനെ, സ്വന്തം കുഞ്ഞുങ്ങളെ തങ്ങൾക്ക് ബാധ്യതായാകും എന്ന ഘട്ടം വരുന്പോൾ ഉപേക്ഷിക്കനോ, അല്ലെങ്കിൽ ജീവനെടുക്കാനോ ഒരു നിമിഷം പോലും അവനോ അവൾക്കോ ചിന്തിക്കേണ്ടി വരുന്നില്ല. മനുഷ്യൻ ഇത്തരത്തിൽ ചിന്തിക്കാനുള്ള സാഹചര്യം എന്താണ്.?  

ഇന്ന് എല്ലാവർക്കും തിരക്കാണ്. ഇപ്പോഴത്തെ ജീവിതച്ചിലവും ഭാരിച്ചതാണ്. ഭാര്യയ്ക്കും ഭർത്താവിനും രണ്ട് പേർക്കും ജോലിയില്ലാതെ പറ്റില്ല. അതിനിടയിൽ അവർക്ക് കുട്ടികളെ നോക്കാനോ മാതാപിതാക്കളെ നോക്കാനോ സമയമില്ല. കാശുകാരാണെങ്കിൽ കുഞ്ഞുങ്ങളെ ഡേ കെയറിലും, അച്ഛനമ്മമാരെ വൃദ്ധസദനത്തിലും തള്ളുന്നു. വൃദ്ധസദനങ്ങളുടെ എണ്ണം ഏറ്റവും കൂടുതലുള്ളതും നമ്മുടെ സാംസ്കാരിക കേരളത്തിലാണെന്നതും ചിന്തിക്കേണ്ട വസ്തുതയാണ്. ഇനി ജീവിതച്ചിലവ് താങ്ങാൻ പറ്റാതാവുന്പോൾ രോഗികളും വൃദ്ധന്മാരും അധികപ്പറ്റാവുന്നു. അവരെ വേണ്ടപ്പെട്ടവർ യൊതൊരുവിധ ദാക്ഷിണ്യവുമില്ലാതെ കുറ്റപ്പെടുത്തുകയും പീ‍‍‍‍‍‍‍‍ഡിപ്പിക്കുകയും ഉപേക്ഷിക്കുകയും കൊല്ലാൻ വരെ തയ്യാറാവുകയും ചെയ്യുന്നു. ഇന്നത്തെ തലമുറ ലഹരി മരുന്നിന്നടിമപ്പെടുന്നതും ഇത്തരക്കാർ പീഡിപ്പിക്കപ്പെടുന്നതിന് കാരണമാകുന്നുണ്ട്. എല്ലാവരും ഇങ്ങനെയാണെന്നല്ല പറഞ്ഞുവരുന്നത്. എന്നാൽ ഇതുപോലുള്ള പ്രവണതകൾ നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചു വരികയാണ്. ബാല്യം, രോഗങ്ങൾ, വാർദ്ധക്യം ഇവയൊക്കെ ഒരോ അവസ്ഥകളാണ്. നാമെല്ലാവരും കടന്നു പോയിട്ടുള്ള, ഇനി കടന്നു പോകേണ്ടുന്ന ജീവാവസ്ഥകൾ... കരുണ, സ്നേഹം, കരുതൽ, സംരക്ഷണം, പരിലാളനം ഇവ ഏറ്റവും അനിവാര്യമായി വരുന്ന കാലഘട്ടം. അല്ലാതെ പീഡനങ്ങൾക്ക് ഇരകളാകേണ്ട, വധശിക്ഷ ഏറ്റുവാങ്ങേണ്ട അപരാധമായി അതിനെ കണക്കാക്കരുത്. ഇവരുടെ പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന സമൂഹമാണ് ഇന്നത്തേത്. ഈ ചിന്താഗതി മാറേണ്ടതുണ്ട്. സമൂഹത്തിനും സർക്കാരിനും നിരാലംബരുടെമേൽ ഉത്തരവാദിത്തമുണ്ട്. ഏത് പ്രതിസന്ധി ഘട്ടത്തിലും നന്മയുടെ, സ്നേഹത്തിന്റെ, കിരണങ്ങൾ മനുഷ്യ മനസ്സിനെ പ്രകാശിപ്പിക്കട്ടെ... ആ ജ്യോതിർവലയം നിരാലംബർക്ക് സംരക്ഷണമേകട്ടെ...

 

ശ്രേയ എസ്.

You might also like

Most Viewed