ദൈ­വ സ്നേ­ഹം നി­ർ­വ്വചനാ­തീ­തമാണ്


സാധുവായ ചെരുപ്പുകുത്തി സുദാസിന്റെ കുളത്തിൽ‍ വളരെ അപൂർ‍വ്വമായ, മനോഹരമായ ഒരു താമരപ്പൂവ് വിരിഞ്ഞു. കൊട്ടാരത്തിൽ‍ രാജാവിന് സമർ‍പ്പിച്ചാൽ‍ തനിക്ക് എന്തെങ്കിലും ആഹാരത്തിനുള്ള വക കിട്ടാതിരിക്കില്ല എന്ന് കരുതി പൂവും പറിച്ചുകൊണ്ട് അയാൾ‍ കൊട്ടാരത്തിലേക്ക് നടന്നു. നഗരത്തിലെ ഏറ്റവും വലിയ ധനികൻ ആ കാഴ്ച കണ്ട് അടുത്ത് വന്ന് ചോദിച്ചു-  “അകാലത്തിൽ‍ വിരിഞ്ഞ ഈ താമരപ്പൂവിന് എന്തുവിലയാണ് വേണ്ടത്? അത് ഞാൻ തരാം.”

സുദാസിന് വില പറയാൻ അറിയില്ല. അയാൾ‍ പറഞ്ഞു- “പ്രഭോ അങ്ങെനിക്കെന്ത് തന്നാലും മതി. ഞാൻ തരാം.”

പ്രഭു പറഞ്ഞു-- “ഞാൻ‍ ഗൗതമബുദ്ധനെ കാണാൻ പോവുകയാണ്. അദ്ദേഹം നഗരത്തിന് വെളിയിലെ മാഞ്ചുവട്ടിൽ‍ വിശ്രമിക്കുന്നു. അദ്ദേഹത്തിന്റെ പാദപത്മങ്ങളിൽ‍ ഈ പൂവ് സമർ‍പ്പിക്കാനാണ് ഞാനിതിന് അഞ്ഞൂറ് സ്വർ‍ണ്ണനാണയങ്ങൽ‍ തരാം.”

ഈ സമയം കൊട്ടാരത്തിലെ മന്ത്രി അതുവഴിവന്നു അദ്ദേഹം പറഞ്ഞു- “ഈ ധനികൻ തരാന്നുദ്ദേശിക്കുന്നതിൽ‍ നാലിരട്ടി കൂടുതൽ‍ ഞാൻ തരാം.”

എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് സുദാസിന് മനസ്സിലായില്ല. രാജാവിനേക്കാൾ‍ ധനികനായ പ്രഭു പറഞ്ഞു- “രാജാവ് തരുന്നതിന്റെ നാലിരട്ടി ഞാൻ തരാം ആ പൂവ് എനിക്കുവേണം.” പാവം സുദാസിന് എണ്ണാനുള്ള കണക്കൊന്നും അറിയില്ല. അയാളുടെ എണ്ണാനുള്ള കണക്കിനുപ്പുറത്ത് ആ സംഖ്യ ചെന്നെത്തി. ഈ സമയം മന്ത്രിയും പ്രഭുവും തമ്മിൽ‍ ലേലം വിളിപോലെ പൂവിന്റെ വിലയായ സംഖ്യ കൂട്ടിക്കൊണ്ടിരുന്നു. അപ്പോൾ‍ സുദാസ് പറഞ്ഞു-“ക്ഷമിക്കണേ ഞാനീ പൂവ് ആർ‍ക്കും വിൽക്കുന്നില്ല.” ഇരുവരും ഷോക്കേറ്റതുപോലെയായി. അവർ‍ ചോദിച്ചു- “എന്താണ് നിനക്ക് പണം വേണ്ടേ?” സുദാസ് പറഞ്ഞു- “എന്താണിതിന്റെ വിലയെന്ന് എനിക്കറിയില്ല. എനിക്ക് ആവശ്യത്തിലധികം പണം വേണ്ടതാനും. നിങ്ങളിരുവരും ഇത് ഗൗതമബുദ്ധന് കൊടുക്കാൻ ആഗ്രഹിക്കുകയല്ലേ. എനിക്ക് ബുദ്ധനെക്കുറിച്ച് ഒന്നുമറിയില്ല. ഞാനദ്ദേഹത്തിന്റെ പേര് കേട്ടിട്ടേയുള്ളൂ. ഈ താമരപ്പൂവ് ഞാൻ തന്നെ അദ്ദേഹത്തിനു നൽ‍കാം.” 

സുദാസ് വിശക്കുന്ന വയറോടെ ആ പൂവുമായി നടന്നു. മണിക്കൂറുകൾ‍ നടന്ന് ക്ഷീണിച്ച് അയാൾ‍ ബുദ്ധസന്നിധിയിലെത്തുന്പോൾ‍ മന്ത്രിയും പ്രഭുവും അവിടെ സന്നിഹിതരായിരുന്നു. സുദാസ് ബുദ്ധനെ കണ്ടു. ആ കണ്ണുകളിൽ‍ നിന്നും നീർ‍ച്ചാലുകൾ‍ ഒഴുകി. ആ പാദങ്ങളിൽ‍ സ്പർ‍ശിച്ചു മുറുകെപ്പുണർ‍ന്നു.

ബുദ്ധൻ പറഞ്ഞു- “അവർ‍ നിനക്ക് എത്ര പണം വേണമെങ്കിലും തരുമായിരുന്നു. നീ അത് സ്വീകരിക്കേണ്ടതായിരുന്നു. നിനക്കു തരാൻ എന്റെ കൈയ്യിൽ‍ ഒന്നുമില്ല.”സുദാസിന്റെ കണ്ണുകൾ‍ വീണ്ടും നിറഞ്ഞൊഴുകി. ഗദ്ഗദത്തോടെ അയാൾ‍ പറഞ്ഞു-“അങ്ങ് എന്റെയീ പൂവ് ഒന്നു കയ്യിൽ‍ പിടിക്കുക മാത്രം ചെയ്താൽ‍ മതി. മറ്റൊന്നും എനിക്ക് വേണ്ട.”ബുദ്ധൻ‍ ആ പൂവ് സ്വീകരിച്ചു.

ജനങ്ങൾ‍ ബുദ്ധന്റെ പ്രഭാഷണം കേൾ‍ക്കുവാൻ തടിച്ചുകൂടിയിരിക്കുന്നു. അദ്ദേഹമാകട്ടെ ആ താമരപ്പൂവിൽ‍ നോക്കി മൂകനായിരുന്നു. നിമിഷങ്ങൾ‍ കടന്നു പോയി. മണിക്കൂറുകൾ‍ കഴിഞ്ഞു. ജനങ്ങൾ അസ്വസ്ഥരായി. അവർ‍ ചിന്തിക്കാൻ തുടങ്ങി. അവരുടെയെല്ലാം മുഖത്ത് ആശങ്കനിറഞ്ഞു. എന്നാൽ‍ ബുദ്ധന്റെ അടുത്ത ശിഷ്യനായ മഹാകശ്യപൻ മാത്രം മന്ദമായി ചിരിതൂകി. ബുദ്ധൻ മഹകശ്യപനെ വിളിച്ച് ധ്യാനാവസ്ഥയിലിരുന്നുതന്നെ ആ പൂവ് മഹാകശ്യപന് നൽ‍കി. ബുദ്ധൻ പറ‍ഞ്ഞു- “ഈ നിശ്ശബ്ദതയിൽ‍ ഞാൻ മൗനത്തിന്റെ ഭാഷയിൽ‍ ഒരുപാട് പറഞ്ഞു. മഹാകശ്യപാ നിനക്കൊരാൾ‍ക്ക് മാത്രം അത് കേൾ‍ക്കാൻ‍ കഴിഞ്ഞു. അത് എന്റെ കടമയാണ്. ഞാനീ പൂവ് നിനക്ക് നൽ‍കുന്നു. സ്നേഹവും, സുഗന്ധവും, ഉണർ‍വ്വും. നീയത് ലോകത്തിന് കൈമാറണം.”

ഒന്നുമറിയാത്ത ജനങ്ങളുടെ മുഖത്ത് അപ്പോഴും ആശങ്കകൾ‍ ബാക്കിയായി നിഴലിച്ചു. ഗുരുക്കന്മാർ‍ പലപ്പോഴും ശിഷ്യരിൽ‍ക്കൂടിയാണ് മനുഷ്യനന്മയ്ക്കായി പ്രവർ‍ത്തിക്കുന്നത്.

You might also like

Most Viewed