പരി­ണാ­മ സി­ദ്ധാ­ന്തവും അതി­ജീ­വനശേ­ഷി­യും


ജീവിത സമരം എന്ന സങ്കൽപ്പം ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. ചരിത്രാതീത കാലം മുതൽ‍ സകലജീവികളും ജീവിച്ചിരുന്നത് ജീവിതസമരത്തിലൂടെ തന്നെയായിരുന്നു. പ്രാപഞ്ചികമായ വെല്ലുവിളികളേയും ആഭ്യന്തരവും ബാഹ്യവുമായ ആക്രമണങ്ങളെയും തരണം ചെയ്തു കൊണ്ടാണ് ജീവകുലം മുന്നേറിയത്. ആദ്യമായി ഭൂമുഖത്ത് പിറന്ന ഒരു ജീവകണം പിൽ‍ക്കാലത്ത് ജീവിതസമരത്തിൽ‍ ഏർ‍പ്പെട്ടപ്പോഴാണ് ഏകകണം ബഹുകണങ്ങളാവുകയും ഇന്നീ കാണുന്ന ജൈവവൈവിധ്യത്തിൽ‍ എത്തിച്ചേരുകയും ചെയ്തിട്ടുള്ളത്. ജീവിതസമരങ്ങളിൽ‍ പിടിച്ചു നിൽ‍ക്കുന്ന പ്രക്രിയയെ അതിജീവനം എന്ന് പറയും. അതിജീവനശേഷി എത്രത്തോളം കൂടിയിരിക്കുമോ അത്രത്തോളം നിലനിൽപ്പുണ്ടാവും. അതിജീവനശേഷിയിൽ‍ കുറവു വരുന്പോൾ‍ വംശനാശത്തിന് വഴിതെളിയും. ചാൾ‍സ് ഡാർ‍വിന്റെ പരമണാമ സിദ്ധാന്തം അടിമുടി പഠിച്ചതിന് ശേഷമാണ് 'കരുത്തുറ്റതിനാണ് നിലനിൽ‌പ്പെ'ന്ന് (survival of the fittest) ഹെർ‍ബർ‍ട്ട് സ്‌പെൻസർ‍ നിഗമനം നടത്തിയത്.  ഡാർ‍വിൻ പരിണാമ സിദ്ധാന്തത്തിൽ‍ പറഞ്ഞതെന്താണ്? ഓരോയിടത്തും അതാത് പ്രാദേശിക പാരിസ്ഥിതികാവസ്ഥയ്ക്ക് അനുയോജ്യമായവ നിലനിൽ‍ക്കുകയും മറ്റുള്ളവ നിഷ്‌കാസിതമാവുകയും ചെയ്യും എന്നാണ്.  ഉദാഹരണത്തിന് അന്തരീക്ഷതാപം വല്ലാതെ കൂടുന്പോൾ‍ ഏത് ജീവജാലത്തിനാണോ പിടിച്ചു നിൽ‍ക്കാൻ കഴിയുക, അവ നിലനിൽക്കും മറ്റുള്ളവ ക്രമേണ വഴിമാറും. ഈ അനിഷേധ്യ സത്യത്തെയാണ് വിശകലനം ചെയ്ത് 'കരുത്തുറ്റതിന്റെ നിലനിൽപ്പെ'ന്ന വ്യാഖ്യാനം ഹെർ‍ബർ‍ട്ട് സ്‌പെൻസർ‍ നൽ‍കിയത്. 

ഇവിടെ ഡാർ‍വിന്റെ സിദ്ധാന്തത്തെ സ്‌പെൻസർ‍ അതിവിദ്ഗ്ദ്ധമായി വിശകലനം ചെയ്തിരിക്കുന്നു. ജീവശാസ്ത്രത്തിൽ‍ അദ്ദേഹത്തിന് ഉണ്ടായിരുന്ന പരിജ്ഞാനം കൊണ്ടു മാത്രമല്ല സ്‌പെൻസർ‍ പ്രസ്തുത വിശകലനം നടത്തി ചരിത്രത്തിൽ‍ സ്ഥാനം നേടിയത്. നേരെമറിച്ച് ഒരു 'പോളിമാത്' ആയിരുന്നതിനാലാണ് അദ്ദേഹത്തിന് ഇതിന് കഴിഞ്ഞത്. എന്താണ് പോളിമാത്? 14 മുതൽ‍ 17 വരെ നൂറ്റാണ്ടുകളിൽ‍ യൂറോപ്പ് സാക്ഷ്യം വഹിച്ച നവോത്ഥാന കാലഘട്ടത്തിലേക്ക് പോകാം. ഇറ്റലിയിൽ‍ അങ്കുരിച്ച് യൂറോപ്പ് മുഴുവൻ വ്യാപിച്ച നവപരിവർ‍ത്തനമായിരുന്നു യൂറോപ്യൻ നവോത്ഥാനകാലം. തെറ്റിൽ‍ നിന്ന് തെറ്റിലേക്ക് വഴുതിവീഴുകയായിരുന്ന മനുഷ്യസമൂഹത്തിന് ഉണ്ടായ തിരിച്ചറിവാണ് നവോത്ഥാനം. ശാസ്ത്ര, സാങ്കേതിക, സാമൂഹിക, കലാ−സാംസ്‌കാരിക മണ്ധലങ്ങളിലെല്ലാം പൊളിച്ചെഴുത്തും തിരുത്തലുകളും സൃഷ്ടിക്കപ്പെട്ട ഒരു കാലം. 

നവോത്ഥാന കാലത്ത് ലിയോൺ ബട്ടിസ്റ്റ ആൽ‍ബെർ‍ട്ടി എന്നൊരു ഇറ്റാലിയൻ പ്രതിഭയാണ് 'പോളിമാത്' എന്ന വാക്ക് ആദ്യമായി അവതരിപ്പിക്കുന്നത്. പോളിമാത് എന്നാൽ‍ സർ‍വ്വകാര്യ പരിജ്ഞാനി, ബഹുമുഖ പ്രതിഭ, സർ‍വ്വജ്ഞാനി എന്നൊക്കെ വേണമെങ്കിൽ‍ മലയാളീകരിക്കാം. വാക്കിന് കാരണക്കാരനായ ലിയോൺ ബട്ടിസ്റ്റ സ്വയം അത്തരത്തിലൊരു ബഹുമുഖ പ്രതിഭ തന്നെയായിരുന്നു. മാനവികത, വാസ്തുവിദ്യ, ഭാഷ, എഴുത്ത്, പൗരോഹിത്യം, ഗോപ്യഭാഷ തുടങ്ങിയ മേഖലകളിലെല്ലാം കഴിവ് തെളിയിച്ചയാളാണ് ബട്ടിസ്റ്റ. മനുഷ്യന് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല എന്നതായിരുന്നു ബട്ടിസ്റ്റയുടെ ആപ്തവാക്യം. മനുഷ്യന്റെ കഴിവുകൾ‍ക്ക് പരിധിയില്ലെന്നും ഓരോരുത്തരും അവരാൽ‍ കഴിയുന്ന മേഖലകളിലെല്ലാം മികച്ച പ്രവർ‍ത്തനം കാഴ്ചവെച്ചുകൊണ്ട് പുരോഗതി ആർ‍ജ്ജിക്കണമെന്നുമായിരുന്നു നവോത്ഥാന കാലത്ത് യൂറോപ്പിൽ‍ മുഴങ്ങിയ മന്ത്രം.  അതായത് യഥാർ‍ത്ഥപുരോഗതി ഉണ്ടാവണമെങ്കിൽ‍ മനുഷ്യർ‍ ഓരോരുത്തരും പോളിമാതുകൾ‍ അഥവാ ബഹുമുഖ പ്രതിഭകൾ‍ ആകണമെന്ന്. ഒന്നിൽ‍ ശ്രദ്ധിക്കുന്പോൾ‍ മറ്റുള്ളതിനെ അവഗണിക്കുന്ന വർ‍ത്തമാന കാലത്ത് ചാൾ‍സ് ഡാർ‍വിനെയും ഹെർ‍ബർ‍ട്ട് സ്‌പെൻസറിനെയും ലിയോൺ‍ ബട്ടിസ്റ്റയെയും ഓർ‍ക്കുക. ലോകത്തെ നയിക്കാൻ വേണ്ട പ്രകാശം എല്ലാ മേഖലകളിലും വാരിച്ചിതറാൻ കഴിഞ്ഞ ദീപസ്തംഭങ്ങളായിരുന്നു അവർ‍. എല്ലാ മേഖലകളിലും നമ്മുടേതായ വെളിച്ചം പകരുന്ന പോളിമാതുകളാകുവാൻ നമുക്കും ശ്രമിക്കാം. പ്രതിഭകളുടെ കാൽ‍പ്പാടുകൾ‍ക്ക് മീതെ ചവിട്ടി നടക്കുന്നവരല്ലേ നാം? അപ്പോൾ‍ നിശ്ചയദാർ‍ഢ്യം ഉണ്ടായിരുന്നാൽ‍ മതി, എല്ലാം സാധ്യമാകും. വഴിതെറ്റുകയുമില്ല.

You might also like

Most Viewed