വായനാ ദിനം നമ്മെ തേടിയെത്തുന്പോൾ


ഏപ്രിൽ‍ 23−ന് മറ്റൊരു  വായനാദിനം കൂടി നമ്മെ കടന്നുപോയി. ഇപ്പോഴെങ്കിലും നമ്മുടെ സ്കൂൾ‍ പുസ്തകങ്ങൾ‍ക്കപ്പുറത്തുള്ള നമ്മുടെ വായനയെ കുറിച്ച് നാം ചിന്തിക്കുന്നുണ്ടോ. അതിന്‍റെ ആവശ്യകതെയെപ്പറ്റി നാം ബോധവാന്‍മാരാണോ? വായിക്കാനായി ചിലവഴിക്കുന്ന സമയം ഒരിക്കലും ഒരു നഷ്ടമല്ല. വായനയുടെ പ്രാധാന്യവും പ്രോത്‍സാഹനവും ലക്ഷ്യമാക്കി, പുസ്തക വായനയും പ്രസിദ്ധീകരണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭ വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക സംഘടനയുടെ (യുനസ്‌കോ) ആഭിമുഖ്യത്തിൽ‍ ലോക വ്യാപകമായി ആചരിക്കപ്പെടുന്ന ദിനം ആണ് ഏപ്രിൽ 23. 1923 എപ്രിൽ‍ 23ന് സ്പെയ്നിലാണ് ആദ്യം പുസ്തകദിനം ആഘോഷിക്കാൻ ആരംഭിച്ചത്.സ്പെയിൻ കണ്ടിട്ടുള്ളതിൽ‍ വെച്ച് ഏറ്റവും മികച്ച എഴുത്തുകാരൻ മിഷേൽ‍ ഡി സെർ‍വാന്റിസിന്റെ ഓർ‍മ്മദിനം കൂടിയായ ഈ ദിവസത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. 

 

വിശ്വവിഖ്യാത സാഹിത്യകാരൻ വില്യം ഷേക്സ്പിയറിന്റെ മരണ തീയ്യതിയും ഇതേദിവസമാണ്.  വായിച്ചു വളരുക എന്ന ചിന്ത നാം പലപ്പോഴായി കേൾ‍ക്കാറുണ്ട്. ഒരു വ്യക്തിയുടെ വളർ‍ച്ച ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർ‍ച്ചയിലാണ് പൂർ‍ണമാകുന്നത്. വ്യക്തിത്വ വികാസത്തിനും, ചിന്തകൾ‍ക്ക് ചിറക് മുളച്ച് അറിവിന്‍റെ അനന്തതകൾ‍ തേടി പുതിയ ലോകം നേടിയെടുക്കാനും വായനയിലൂടെയാണ് കഴിയുക. ഓരോ പ്രായക്കാർ‍ക്കും,ഓരോ ദേശത്തിന്റെയും, ഓരോ ഭാഷയുടെയും വ്യത്യസ്തതകൾ‍ നിറഞ്ഞ പുസ്തക ലോകം നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായി വിസ്തൃതമാണ്. അതിന്‍റെ ഒരു നുള്ള് കോരിയെടുത്ത് വായിക്കാൻ കഴിയില്ല ഒരു ജീവിതം കൊണ്ട്.  പുസ്തകങ്ങൾ‍ വായിച്ചു വളർ‍ന്നിട്ടുള്ളവരാണ് ലോകത്തിലെ അറിയപ്പെടുന്ന ഓരോ വ്യക്തികളും. കുട്ടികൾ‍ ചിത്ര കഥകളും കൊച്ചു കഥകളും വായിച്ച് തുടങ്ങി, പിന്നീട് വായനയുെട ലോകത്തേക്ക് കടന്നുവരണം. ദൃശ്യ മാധ്യമങ്ങളിലൂടെ കാണുന്ന കാഴ്ചകൾ‍ ഒരിക്കലും വായനയുടെ ഒരു അത്ഭുതലോകം നമുക്ക് തരുന്നില്ല. നമ്മുടെ ചിന്തകൾ‍ക്ക് ഉത്തേജനം പകരുന്നത്, സങ്കൽ‍പ്പലോകത്തിന്‍റെ ജീവനെ അനുഭവിച്ചറിയുന്നത് വായനയിലൂടെയാണ്. ഇന്ന് ശാസ്ത്രസാങ്കേതിക വളർ‍ച്ചയ്ക്കൊപ്പം വായനയും പുസ്തകങ്ങളിൽ‍ മാത്രം ഒതുങ്ങുന്നില്ല. ഇ-ബുക്ക്, ഇ−-മാഗസിൻ‍ ഒക്കെ ലഭ്യമായ ലോകത്ത് പുസ്തകങ്ങൾ‍ ചുമന്നുകൊണ്ട് നടക്കേണ്ടുന്ന ബദ്ധപ്പാടുകളും ഇല്ല. സാഹചര്യങ്ങളെ വേണ്ടും വണ്ണം പ്രയോജനപ്പെടുത്തി വായനയെ ആയുധമാക്കി അറിവിന്‍റെ ലോകത്തേക്ക് കടന്നുവരുക. എല്ലാവരും അതിനായി പരിശ്രമിക്കുക. 

 

ആശംസകളോടെ, ടീച്ചറമ്മ.

You might also like

Most Viewed