താൻ പാ­തി­ ദൈ­വം പാ­തി­


2016 ആഗസ്റ്റ് 3, അതായത് കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരം ദുബൈ വിമാനം ഉച്ചയ്ക്ക് 12.30ന് ദുബൈ എയർ‍പോർ‍ട്ടിൽ‍ കത്തിയമർ‍ന്നു. 300 മനുഷ്യജീവനുകൾ‍ ഒന്നര മിനിട്ടു കൊണ്ട് ആ പ്ലെയ്നിൽ‍ നിന്നും രക്ഷപെട്ടുഎന്നത് അവിശ്വസനീയമായി തോന്നാമെങ്കിലും അതാണ് സത്യം. ചില സത്യങ്ങൾ‍, സംഭവങ്ങൾ‍ നമ്മെ ജീവിതത്തിൽ‍ ചിന്തിപ്പിക്കുന്നതാണ്. പുറത്തു നിന്ന് ആ സംഭവം കണ്ട നമ്മൾ‍ നെഞ്ചിടിപ്പോടെ കേൾ‍ക്കുന്പോൾ‍ നേരിട്ട് അനുഭവിച്ചവരുടെ മാനസിക നില എങ്ങനെയാവും. അതിന്‍റെ ഭയപ്പാടും ഞെട്ടലും മാറി വരാൻ ദിവസങ്ങൾ‍ എടുക്കും.  എങ്ങനെ ആ സമയം പ്രവർ‍ത്തിച്ചു എന്നത് ഒരുപക്ഷേ ഓർ‍ത്തെടുക്കാൻ ബുദ്ധിമുട്ടാവും. നാം ഇടയ്ക്കെങ്കിലും നമുക്ക് സംഭവിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് ഒരുവിലയിരുത്തൽ‍ നടത്തുന്നത് നല്ലതാണ്. "അപ്പോൾ‍ ഞാൻ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ‍ എന്താകുമെന്ന് ഓർ‍ക്കാൻ വയ്യ" എന്ന് ഓരോസംഭവങ്ങൾ‍ക്ക് ശേഷം പറയുന്നത് കേട്ടിട്ടില്ലേ. ശരിയാണ്, ഓരോ അപകടങ്ങളുടെ മുന്‍പിൽ‍ എത്തുന്പോൾ‍ ഇന്നത് ചെയ്യണം എന്ന തോന്നൽ‍ നമുക്കുണ്ടാകാറുണ്ട്. ആരാണ് നമ്മോട് അങ്ങനെ പറയുന്നത്. തെറ്റും ശരിയുംനമുക്ക് ഓരോ സന്ദർ‍ഭങ്ങളിൽ‍ വിവേചിച്ച് തരുന്നത് ആരാണ്. നാം എല്ലാം ഈശ്വരന്‍റെ സൃഷ്ടികൾ‍ ആണ്. അതിലുപരി ദൈവത്തിന്‍റെ മക്കളാണ്. ഓരോ മനുഷ്യനും മൃഗങ്ങളും പക്ഷികളും തങ്ങളുടെ മക്കളെ എങ്ങനെയാണ് സ്നേഹിക്കുന്നതും കരുതുന്നതും എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? പരുന്ത് കോഴിക്കുഞ്ഞുങ്ങളെ റാഞ്ചിയെടുക്കാൻ വരുന്പോൾ‍ തള്ളക്കോഴി അവയ്ക്ക് അപായ മുന്നറിയിപ്പ് പ്രേത്യേക ശബ്ദത്തിൽ‍ നൽ‍കുന്നു. അപ്പോഴേക്കും കുഞ്ഞുങ്ങൾ‍ എല്ലാം അമ്മയുടെ അടുക്കൽ‍ ഓടി എത്തും. അമ്മക്കോഴി അവയെ എല്ലാം തന്‍റെ ചിറകിനടിയിൽ‍ ഭദ്രമായി ഒളിപ്പിക്കും. ഓരോ ജീവികളും ഇങ്ങനെ വ്യത്യസ്ഥമായ രീതിയിൽ‍ തങ്ങളുടെ മക്കളെ കരുതുന്നു. 

അങ്ങനെയെങ്കിൽ‍ ഈശ്വരൻ നമ്മെ എത്ര അധികമായിട്ടാണ് കരുതുന്നത് എന്ന്, നാം ഓരോ ദിവസവും നമുക്ക് വരാമായിരുന്ന ചെറുതും വലുതുമായ അപകടങ്ങളെക്കുറിച്ച് ഒന്ന്‍ ഓർ‍ത്താൽ‍ മതിയാകും. മാത്രമല്ല  ഈശ്വരൻ നമുക്ക് അപായ സൂചനകൾ‍ പലരീതിയിൽ‍ തരും. അത് മനസ്സിലാക്കി അപ്പോൾ‍ തന്നെ പ്രവർ‍ത്തിക്കണം. അപകടമാണ് എന്ന് അറിഞ്ഞയുടൻ വിമാനത്തിൽ‍ നിന്നും ആൾ‍ക്കാർ‍ എത്രയും വേഗം പുറത്തിറങ്ങിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെടാൻ കഴിഞ്ഞത്. "ഞാൻ ഒന്നും ചെയ്യേണ്ട, എന്‍റെ ദൈവം എന്നെ കരുതിക്കൊള്ളും, അല്ല ദൈവം എല്ലാം കണ്ട് അത്ഭുതം പ്രവർ‍ത്തിച്ചോളും"എന്ന് വിചാരിച്ച് അവിടെ നിന്നും ഇറങ്ങിയിരുന്നില്ലെങ്കിൽ‍ വെന്തുരികിയ മരണം ഉറപ്പായിരുന്നു. ഈശ്വരൻ ‍നമുക്ക് ചിന്താശക്തിയും ബുദ്ധിയും നൽ‍കിയിട്ടുണ്ട്. സമയാസമയങ്ങളിൽ‍ അത് വേണ്ടവണ്ണം പ്രയോഗിക്കുക എന്നത് നാം ചെയ്യേണ്ടതാണ്. ജീവിതത്തിന്‍റെ എല്ലാകാര്യങ്ങളിലും നമ്മുടെ കടമകൾ‍ നാം സമയം കളയാതെ പ്രവർ‍ത്തിച്ചെങ്കിൽ ‍മാത്രമേ ഈശ്വരന്‍റെ അനുഗ്രഹങ്ങൾ‍ അതിന്‍റെ പൂർ‍ണ രൂപത്തിൽ‍ നമുക്ക് ലഭിക്കൂ. പഠിക്കാതെ ഈശ്വരനോട് കാലത്തും വൈകിട്ടും പ്രാർ‍ത്ഥന മാത്രം നടത്തിയാൽ‍ പ്രതീക്ഷിച്ച ഫലം കിട്ടില്ല. 'താൻ പാതി ദൈവം പാതി' എന്നചൊല്ല്  നമ്മുടെ ദൈനംദിന ജീവിതത്തിൽ‍ ഓരോ സന്ദർ‍ഭങ്ങളിലും അർ‍ത്ഥവത്താണ്. 

പ്രിയ കുഞ്ഞുങ്ങളെ, 

ഈശ്വരൻ നമ്മുടെ മനസ്സിൽ‍ തന്‍റെ സാന്നിദ്ധ്യം കൊണ്ട് നമ്മെ അനുഗ്രഹിച്ചിട്ടുണ്ട്. തെറ്റും ശരിയും, നന്മയും തിന്‍മയും നമ്മെ ബോധ്യപ്പെടുത്താറുമുണ്ട്. അത് കേൾ‍ക്കുവാനും, മനസ്സിലാക്കുവാനും, അതിനനുസരിച്ച് പ്രവർ‍ത്തിക്കുവാനും നാം ഒരുങ്ങണം. അതാണ് ഈശ്വരകൃപ എന്ന് നാം പറയുന്നത്. നിലയ്ക്കാതെ, മറക്കാതെ, അനുനിമിഷം നമ്മെ പരിപാലിക്കുന്ന ആ ദിവ്യമായ ദൈവകൃപ അനുഭവിച്ചറിഞ്ഞ് ജീവിക്കാൻ കഴിയട്ടെ...

 

ആശംസകളോടെ ടീച്ചറമ്മ

You might also like

Most Viewed