ദൈ­വദാ­നം പങ്കു­വെക്കാൻ മടി­ക്കു­കയോ­???


നുഷ്യരെല്ലാം ഇന്ന് തിരക്ക് പിടിച്ച് ഓടുന്നതിനിടയിൽ‍ ചുറ്റും എന്തു നടക്കുന്നു, എങ്ങനെ കാര്യങ്ങൾ‍ പോകുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കാൻ മിനക്കെടുന്നില്ല. നല്ലൊരു ജോലി, വീട്, സുഖ സൗകര്യങ്ങൾ‍ നിറഞ്ഞ ജീവിതം. അതിന് എന്തൊക്കെ എവിടൊക്കെ കിട്ടും എന്ന് മാത്രം ചിന്തിച്ച് നടക്കുന്നതിനിടയിൽ‍ ചുറ്റുപാടും നടക്കുന്നതൊന്നും തന്നെ ബാധിക്കുന്നതല്ല എന്നു ചിന്തിച്ചാൽ‍ തെറ്റാണ്. ലോകത്തിലെ എല്ലാ സംഭവങ്ങളും ഒരു തരത്തിലല്ലെങ്കിൽ‍ മറ്റൊരു തരത്തിൽ‍ നമ്മേ ബാധിക്കുന്നവയാണ്.

“ലോകം ഭാവിയിൽ‍ വെള്ളത്തിനായി യുദ്ധം ഉണ്ടാക്കും” എന്ന് പറഞ്ഞത് നാം ചിലയിടങ്ങളിൽ‍ തുടങ്ങിയത് കാണുന്നു. ഈശ്വരൻ ഒരിയ്ക്കലും ഭൂമിയെ ആരും സ്വന്തമാക്കി വയ്ക്കാൻ ആഗ്രഹിച്ചിട്ടുണ്ടാവില്ല. എല്ലാം എല്ലാവർ‍ക്കുമായി നൽ‍കാനും പങ്കുവെക്കാനും അവിടുന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവും. പക്ഷേ നമ്മളോ? ഭൂമിയെ വീതം വെച്ചു. നീനക്കിത്ര എനിക്കിത്ര എന്ന വിധം. അതിരുകൾ‍ തിരിച്ച് വൻ മതിലുകൾ‍ ഉയർ‍ത്തി ഓരോ ഭാഗങ്ങൾ‍ സ്വന്തമാക്കി. എന്തിന് ഭൂമി മാത്രം. ആകാശവും കടലും കരയ്ക്കൊപ്പം നമ്മൾ‍ വീതം വെച്ചു. കാടും മലയും പുഴയും നമ്മൾ‍ എന്‍റെതും നിന്റേതുമാക്കി. രാജ്യം രാജ്യത്തോടും പോരാടുന്പോൾ‍ അതിർ‍ത്തികൾ‍ മാത്രമല്ല കടന്നുപോകുന്ന പുഴകൾ‍ക്കും അതിർ‍ത്തി വെച്ചു. ഇന്ന് സ്വന്തം സഹോദരനോട് കിണറുകൾ‍ക്കായി, പുഴകൾ‍ക്കായി, വെള്ളത്തിനായി യാചിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്നു. ചൂഷണം ചെയ്തു നാം നശിപ്പിച്ചതാണ് ഓരോ വെള്ളക്കെട്ടുകളും, താഴ്വരകളും, തടാകങ്ങളും പുഴയും എല്ലാം. മണ്ണിട്ട് മൂടി നിരപ്പാക്കി സൗധങ്ങൾ‍ പണിതുയർ‍ത്തിയപ്പോൾ‍ നമുക്ക് നഷ്ടപ്പെട്ടത് കുടിവെള്ളം ആണ്. മഞ്ഞും മഴയും വെയിലും കാറ്റും എല്ലാം നൽകിയ ഈശ്വരൻ, മനുഷ്യനാവശ്യമായ പുല്ലും പുഴയും ഭക്ഷണവും വെള്ളവും നൽകി.  പക്ഷേ നാം അത് സൂക്ഷിക്കാതെ, നാളത്തേക്കും, വരും തലമുറയ്ക്കും ആവശ്യമുണ്ട് എന്ന്‍ ഒരു ചിന്തപോലുമില്ലാതെ നശിപ്പിക്കുവാൻ ഒരുന്പെട്ട് ഇറങ്ങി എല്ലാം നശിപ്പിച്ചു. ഇന്നിപ്പോൾ‍ വെള്ളത്തിനായി, വരൾ‍ച്ചയിൽ‍ തണലിനായി, പൊള്ളുന്ന ചൂടിൽ‍ ഉരുകാതിരിക്കാൻ വഴികൾ‍ തേടുകയാണ്.

നാം ആരാണ്? നമുക്ക് ഈ ഭൂമിമേൽ‍ എന്ത് അധികാരമാണ്. എന്‍റെ വസ്തുവും എന്‍റെ കിണറും എന്‍റെ പുഴയും. ഇങ്ങനെ എല്ലാം എല്ലാം എന്‍റേത് മാത്രമാണ് എന്നു പറയാൻ നാം എവിടെ നിന്നെങ്കിലും സൃഷ്ടിച്ചുണ്ടാക്കിയതോ? ഓരോ പുഴകൾ‍ക്കും ഈശ്വരൻ കടന്നുപോകേണ്ട വഴിയും പാതയും നിശ്ചയിച്ചിട്ടുണ്ട്. അതിനെ വെട്ടി മുറിക്കാനോ സ്വന്തമാക്കാനോ നമുക്ക് ആരും അധികാരം തന്നിട്ടുമില്ല. എന്നിട്ടും ഉള്ള വെള്ളവും സ്വന്തമാക്കി വെക്കുവാനുള്ള ത്വര മാത്രമാണ് മുന്‍പിൽ‍. നാം ഓരോരുത്തരും വ്യക്തികളായി കൂടുതൽ‍ വെള്ളം സംഭരിക്കാനുള്ള വഴികൾ‍ അവലംബിക്കണം. ഒന്നുമില്ലാതെ ഈ ഭൂമിയിലേക്ക് വന്ന നമ്മൾ‍ ഒന്നും സ്വന്തമെന്ന് എണ്ണുവാൻ ഇല്ലാത്തവർ‍ ആണ്. ഭൂമിയും അതിലെ വസ്തുവകകളും നമുക്ക് കൈപ്പിടിയിൽ‍ ഒതുക്കി വയ്ക്കാനുള്ളതല്ല. എന്നാൽ‍ അതിനെ സംരക്ഷിച്ച് നമുക്കും ചുറ്റുമുള്ളവർ‍ക്കും പ്രയോജനപ്പെടുത്തുന്ന രീതിയിൽ‍ മാറ്റിയെടുക്കണം. അതിർ‍വരന്പുകൾ‍ ഇല്ലാത്ത സ്നേഹവും കരുതലും ഉണ്ടാകണം.

പ്രിയ കുഞ്ഞുങ്ങളെ, 

പുസ്തകങ്ങളിൽ‍ നിന്നും ഇറങ്ങി ചുറ്റുപാടും വീക്ഷിക്കുക. നിങ്ങൾ‍ക്ക് ജീവിക്കുവാനുള്ള ഭൂമിയെ സംരക്ഷിക്കുക. അവിടെ നിറഞ്ഞൊഴുകുന്ന സ്നേഹത്തിന്‍റെ അരുവികൾ‍ വീണ്ടും ഒഴുക്കണം. ഒരു നല്ല ജീവിതം നിങ്ങൾ‍ക്കും ചുറ്റിലും ഉണ്ടാക്കിയെടുക്കണം എന്ന് ചിന്തിച്ച് പ്രവർ‍ത്തിക്കുക.                                

ആശംസകളോടെ ടീച്ചറമ്മ.

 

You might also like

Most Viewed