സർ­വ്വമംഗളം ഭവന്തു­...


“You can fool all the people some of the time, and some of the people all the time, but you cannot fool all the people all the time.” - Abraham Lincoln.

എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാൻ പറ്റില്ലെന്ന് മലയാളം. ഇതേ പോലെ തന്നെയാണ് എല്ലാവരെയും എല്ലായ്പ്പോഴും തൃപ്തരാക്കാനാവില്ല എന്ന വാസ്തവവും. ഇതിന് പലകാരണങ്ങളുണ്ടാവാം. ഭൂമുഖത്ത് ഒരോ വ്യക്തിയും സൃഷ്ടിക്കപ്പെട്ടത് (സ്വയംഭൂക്കൾ ക്ഷമിക്കുക) തികച്ചും വ്യത്യസ്ഥരായാണ്. ഓരോ തലച്ചോറുകളിലെയും രാസപ്രവർത്തനങ്ങൾ തികച്ചും വ്യത്യസ്ഥമായ തരത്തിലാണ്. നമ്മളിൽ ഓരോത്തരുടെയും ഇഷ്ടങ്ങളും ആഗ്രഹങ്ങളും പ്രതികരണങ്ങളും സമാനതകളില്ലാത്ത രീതികളിലാവും. പൊതുവായ ഇഷ്ടങ്ങളുണ്ട് എന്ന വാസ്തവം മറന്നുകൊണ്ടല്ല ഈ പ്രസ്താവന. പൊതുവായ ഇഷ്ടങ്ങളിൽ സമാനതകളുള്ളപ്പോഴും ഇക്കാര്യത്തിലും ചേരിതിരിവുകളുണ്ട്. ഇങ്ങനെ ചേരിതിരിവുകളുണ്ടാകുന്പോൾ ഭൂരിപക്ഷത്തിനു ഹിതകരമായ ഇഷ്ടങ്ങളെ പൊതു സമൂഹം സ്വീകരിക്കുന്നു. ജനാധിപത്യത്തിന്റെ അടിത്തറ ഇതു തന്നെയാണ്.

ജനഹിതം മാനിക്കുന്ന വ്യവസ്ഥിതിയാണ് ജനാധിപത്യം. അതുകൊണ്ടുതന്നെ ഭൂരിപക്ഷാഭിപ്രായം പൊതു നിലപാടുകളുടെ രൂപീകരണത്തിന് ആധാരമാക്കപ്പെടുന്നു. ഇങ്ങനെ ഭൂരിപക്ഷത്തിന് മേൽക്കയ്യുണ്ടായിരിക്കുന്പോഴും ഭൂരിപക്ഷമില്ലാത്ത സമൂഹങ്ങൾക്കും നീതിയുറപ്പാക്കപ്പെടുന്നതാണ് നമ്മുടെ ജനാധിപത്യം. അത് നമ്മുടെ ജനാധിപത്യവ്യവസ്ഥിതിയുടെ മഹത്വമാണ്. 

The Winner Takes it all എന്നതാണ് പണ്ടേയുള്ള പ്രമാണം. യുദ്ധങ്ങളടക്കമുള്ള മൽസരങ്ങളിലെല്ലാം വിജയിയുടെ ന്യായവും മഹത്വവും മാത്രമായിരിക്കും പ്രഘോഷണം ചെയ്യപ്പെടുക. ജനാധിപത്യം ഇക്കാര്യത്തിലും വ്യത്യസ്ഥമാണെന്ന് നമ്മുടെ രാജ്യത്തെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നു. നമ്മുടെ വ്യവസ്ഥിതിയുടെ സവിശേഷതയായ അഭിപ്രായ സ്വാതന്ത്ര്യമാണ് ഇതിന്റെ പ്രകടമായ സൂചകങ്ങളിലൊന്ന്. അങ്ങനെ പറയുന്ന അഭിപ്രയങ്ങൾ ഭൂരിപക്ഷത്തിന്റെ അഭിപ്രയാങ്ങളാവാം. അതുമല്ലെങ്കിൽ ന്യൂനപക്ഷത്തിന്റെ അഭിപ്രായമാകാം. ഇതിനെയെല്ലാം എതിർക്കാനും എല്ലാ വിഭാഗങ്ങൾക്കും അവകാശവുമുണ്ട്. ഇങ്ങനെയുള്ള അഭിപ്രായ പ്രകടനങ്ങൾ ചിലപ്പോഴങ്കിലും അതിരു വിടാറുമുണ്ട്. അതെല്ലാം ആസ്വദിക്കുന്ന ഒരു സ്വഭാവവിശേഷമാണ് പൊതുവേ ഇന്ത്യൻ സമൂഹത്തിനുള്ളത്. വിവാദങ്ങളിൽ അഭിരമിച്ച് കഴിയാൻ താൽപ്പര്യമുള്ള ഒരു സമൂഹം. അതു തിരിച്ചറിയുന്ന രാഷ്ട്രീയക്കാർ നമ്മളെ വിവാദങ്ങളൂട്ടി തൃപ്തരാക്കുന്നതിൽ എന്നും ബദ്ധശ്രദ്ധാലുക്കളാണ്.

വാസ്തവത്തിൽ തികച്ചും വികസന വിരുദ്ധമാണ് ഈ സാഹചര്യം. എണ്ണമില്ലാക്കോടികളുടെ അഴിമതിക്കഥകളും സ്വജനപക്ഷപാതവുമൊക്കെക്കൊണ്ട് മലീമസമായ സമീപഭൂതകാലം നമുക്കു മറക്കാറായിട്ടില്ല. പക്ഷഭേദമന്യേ രാഷ്ട്രീയക്കാരുടെ മുതലെടുപ്പിനു ജനം വിധേയമാക്കപ്പെടുന്ന ദുരന്തം നമ്മുടെ ജനാധിപത്യത്തിന്റെ കൊടും ശാപമാണ്. പറ്റിക്കുന്ന നേതൃത്വവും പറ്റിക്കപ്പെടുന്ന പൊതുസമൂഹവും അത്ഭുതമല്ലാതായി. അഴിമതി സാമാന്യവൽക്കരിക്കപ്പെട്ടു. അതിൽ രാഷ്ട്രീയക്കാരെ മാത്രം കുറ്റം പറഞ്ഞ് പൊതുസമൂഹത്തിനു മാറി നിൽക്കാനാവില്ല. വികസന വിരുദ്ധതയുടെ ഈ മുഖം ജനം കൂടുതലായി തിരിച്ചറിയുന്നതോടെയാണ് അരാഷ്ട്രീയ വാദവും അതിൻെറ ഫലമായുള്ള അരാജകത്വവുമൊക്കെ ശക്തമാകുന്നത്. 

ഈ സാഹചര്യത്തിലാണ് എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാൻ പറ്റില്ലന്ന വാക്യം വീണ്ടും പ്രസക്തമാവുന്നത്. ജനം എല്ലാം സഹിച്ച് എല്ലാക്കാലവും അടങ്ങിക്കിടക്കണമെന്നില്ല.

നമ്മുടെ സമൂഹത്തെ ഗ്രസിച്ച, നമ്മളോരോരുത്തരുടെയും ജീവിതങ്ങളെ കൂടുതൽ ദുരിത പൂർണ്ണമാക്കുന്ന അഴിമതിക്കെതിരെ അതിശക്തമായ നടപടികളെടുക്കാൻ ഭരണാധികാരികൾ നിർബന്ധിതരാകുന്നത് ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ്.  കുറവുകളെത്രയുണ്ടെങ്കിലും, സമൂഹം ഏറെ ബുദ്ധിമുട്ടി എന്നിരിക്കിലും കള്ളപ്പണത്തിനും കള്ളനോട്ടിനുമൊക്കെയെതിരായി നോട്ടു പിൻവലിക്കലടക്കമുള്ള നടപടികൾ നടപ്പാക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായതും ഈ സാഹചര്യത്തിലാണ്. ഇത് ഈ ദിശയിലെ ഒരു തുടക്കം മാത്രമാണെന്നാണ് അറിയുന്നത്. ഭരണകക്ഷിയുടെ ജനപ്രതിനിധികൾ തന്നെ തങ്ങളുടെ സാന്പത്തിക ക്രയവിക്രയ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശം ഇന്നു പുറത്തവന്നതിനെയും ഇതിനോടു ചേർത്തു വായിക്കാം. പ്രധാനമന്ത്രിയുടെ നിർദ്ദേശം പാർട്ടി ജനപ്രതിനിധികളിൽ ചിലരെയെങ്കിലും ബുദ്ധിമുട്ടിലാക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. എന്നാൽ അഴിമതിക്കെതിരെയുള്ള നടപടികളിൽ നിന്നും ഒരു പക്ഷത്തിനും കേവലം രാഷ്ട്രീയത്തിന്റെ പേരിൽ മാത്രം പിന്നോട്ടു പോകാനാവില്ല.

അഴിമതി വിരുദ്ധ വികാരത്തിന്റെ കൂടി പിന്തുണയിൽ അധികാരത്തിലേറിയ നമ്മുടെ സ്വന്തം ഭൂമിമലയാളത്തിലെ സർക്കാരും നീങ്ങുന്നത് ഇതേ ദിശയിൽ തന്നെയാണ്. സംസ്ഥാനത്ത് അനധികൃത സ്വത്തു കണ്ടത്താൻ പഴുതടച്ചുള്ള സംവിധാനം കൊണ്ടുവരുമെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു കഴിഞ്ഞു. കണക്കില്ലാതെ അഴിമതിക്കാരുടെ ഭണ്ഡാരങ്ങളിൽ കെട്ടിക്കിടക്കുന്ന പണം പൊതു ധാരയിലെത്തുന്നത് രാജ്യത്തെ സാന്പത്തിക സ്ഥിതി കൂടുതൽ ശക്തമാകുമെന്ന കാര്യത്തിൽ സംശയമില്ല. സംസ്ഥാനത്തെ നികുതി പിരിവു കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികൾ ഇന്നു ധനമന്ത്രി തോമസ് ഐസക്കും ആരംഭിച്ചു കഴിഞ്ഞു. 

പക്ഷങ്ങൾക്കതീതമായി അധികാര കേന്ത്രങ്ങൾ അഴിമതിക്കെതിരേ വാളോങ്ങുന്പോൾ അതിന്റെ ആത്യന്തിക ഗുണം ലഭിക്കുത് ദരിദ്ര നാരായണന്മാരടങ്ങുന്ന നമ്മൾ പൊതു സമൂഹത്തിനായിരിക്കും. അവിടെ പക്ഷങ്ങളും അതിന്റെ പേരിലുള്ള കൊലവിളികളും തികച്ചും അപ്രസക്തമാകും. എല്ലാവർക്കും നന്മവരട്ടെ.

You might also like

Most Viewed