ഉണ്ണു­ന്നവനും വി­ളന്പു­ന്നവനും


2001 ആഗസ്ത് എട്ടിനായിരുന്നു ഞാൻ വിശ്വചിത്രകാരനായ മഖ്ബുൾ ഫിദാ ഹുസൈനെ നേരിൽ കാണുന്നത്. ഇന്ത്യൻ ചിത്രകലക്ക് നട്ടെല്ലുള്ള പുതിയൊരു വ്യക്തിത്വം പകർന്നു നൽകിയ എം.എഫ് ഹുസൈൻ അന്ന് കല്യാണിക്കുട്ടിയുടെ കേരളമെന്ന പരന്പരയുടെ സൃഷ്ടിയിലായിരുന്നു. വരയും താമസവും കൊച്ചിയിലെ താജ് ഹോട്ടലിൽ. പണ്ടേ മനസിൽ ചിരപ്രതിഷ്ഠ നേടിയ വരയുടെ കുലപതിയെ കാണണമെന്ന ആശ പങ്കുവച്ചപ്പോൾ അവധിയുടെ ലഭ്യത വില്ലനാവുമോയെന്നായിരുന്നു ആശങ്ക. എന്നാൽ അന്നത്തെ സൂര്യ വാർത്താവിഭാഗം പത്രാധിപരും സുഹൃത്തും ജ്യേഷ്ഠനുമെല്ലാമായ ശ്രീ എൻ. സുകുമാരനോട് സംഗതി പറഞ്ഞപ്പോൾ തന്നെ പ്രതീക്ഷ തെറ്റിച്ച് അവധിക്കൊപ്പം മറ്റു ചില സാധ്യതകളു പങ്കുവയ്ക്കപ്പെട്ടു. വെറുതെ കാണുന്നതിനപ്പുറം ഒരു അഭിമുഖവും ഒപ്പം വരയും കൂടി തരമാക്കാനായിരുന്നു സുകുമാരൻ സാറിന്റെ നിർദേശം. 

അന്നു ഹുസൈൻ സാബിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നത് പ്രിയ സുഹൃത്ത് മനുവായിരുന്നു. വന്നാൽ മതി കാണാൻ അവസരമൊരുക്കാമെന്ന മനുവിന്റെ വാക്കു കേട്ടതും കൊച്ചിക്കു വണ്ടി കയറി. മനു കാര്യങ്ങളെല്ലാം ഒരുക്കിയിരുന്നു. കൊച്ചി ഓഫീസിലെത്തി ക്യാമറ ജേർണലിസ്റ്റ് പ്രഭിൽ ചമ്രവട്ടവുമൊരുമിച്ച് നേരെ താജിലേക്കു പോവുക.  അരമണിക്കൂറോ ഒരുമണിക്കൂറോ സംഭാഷണവും ഷൂട്ടിംഗും. വൈകുന്നേരത്തേ വണ്ടിപിടിച്ച് അനന്തപുരിയിൽ തിരിച്ചെത്തുക എന്നിങ്ങനെയായിരുന്നു മനക്കണക്ക്. ഓഫീസിലെത്തി പ്രഭിലുമൊത്ത് താജിലെത്താൻ ഏറെ നേരമെടുത്തില്ല. മനുവിനെ കണ്ടപ്പോൾ ബാബ (ഹുസൈൻ സാബ്) ഏതു സമയത്തും എത്തിച്ചേരാമെന്ന് അറിയിപ്പ് കിട്ടി. താജിന്റെ സുഖശീതളിമയിൽ ഞങ്ങളങ്ങനെ കൊച്ചു വർത്തമാനങ്ങളും പറഞ്ഞിരിക്കുന്പോൾ സമയം ഇഴഞ്ഞും പറന്നുമൊക്കെ നീങ്ങുകയായിരുന്നു. അരമണിക്കൂർ ഒരു മണിക്കൂറിനും ഒന്നരയ്ക്കും രണ്ടിനും വഴി മാറിയതോടേ ഞാൻ ഏറെ തിരക്കുള്ള പ്രഭിലിനെയും യൂണിറ്റിനെയും ഓഫീസിലേക്കു മടക്കി.  

സെൽഫോൺ കാര്യമായ പ്രചാരം നേടി വരുന്നതേയുള്ളു. അനുനിമിഷ കമ്യൂണിക്കേഷൻ ഇത്ര സജീവമായിട്ടില്ല. അങ്ങനെയിരിക്കുന്പോൾ ബാബ പ്രശസ്തമായ കായിക്കാന്റെ കടയിൽ ബിരിയാണി കഴിക്കാൻ എത്തിയിരുന്നെന്നു മനസിലാക്കി മനു വിളിയോടു വിളി. കായിക്കാന്റെ കടയിൽ ബാബയുടെ അപ്രതീക്ഷിത സന്ദർശനങ്ങൾ ആയിടെ പതിവാണ്. അവിടെ നിന്ന് എങ്ങോട്ടാണ് പോയതെന്ന് മനുവിനും പിടിയില്ല. തോളിലൊരു സഞ്ചിയും തൂക്കി കാഴ്ചകളും അനുഭവങ്ങളും ആർജ്ജിച്ച് നടന്നാണ് ബാബയുടെ യാത്ര. വൈകുന്നേരമായതോടേ തളർന്ന ഞാൻ മനുവിനോട് യാത്ര പറഞ്ഞ് ഓഫീസിലേക്കു മടങ്ങി. പിറ്റേന്നും കാത്തിരുപ്പും മനുവുമായുള്ള സൗഹൃദ ഭാഷണവും മാത്രമായിരുന്നു ഫലം.

പ്രവചനാതീതമായിരുന്നു ആ മഹാന്റെ ചെയ്തികൾ. സാധാരണക്കാർക്ക് ഭ്രാന്തമെന്നു തോന്നാവുന്ന രീതികൾ. ആൾ നമ്മളെ ബോധപൂർവ്വം അവഗണിക്കുകയാണോ എന്നുപോലും തോന്നാവുന്ന സമീപനം. പക്ഷേ മൂന്നാം ദിവസം ഉച്ചയോടടുത്ത നേരത്ത് മരുഭൂമിയിലെ മണ്ണിന്റെ വർണ്ണങ്ങളിലുള്ള വസ്ത്രങ്ങളുമണിഞ്ഞ് വെള്ളത്താടിയും സമൃദ്ധമായ വെള്ളമുടിയുമൊക്കെയുള്ള ആ തേജസ്വി താജിന്റെ ചില്ലു വാതിൽ തുറന്ന് അകത്തേക്കെത്തി. അദ്ദേഹം നഗ്നപാദനായിരുന്നു. മനുവും ഞാനും എഴുന്നേറ്റു. എന്തു വന്നാലും അദ്ദേഹത്തെ ക്യാമറയിൽ പതിച്ചിപ്പേ അടങ്ങൂവെന്നുറച്ച പ്രഭിൽ ക്യാമറ റോൾ ചെയ്തു തുടങ്ങി.

പിന്നീടുള്ള രണ്ടു മണിക്കൂറിലധികം നേരം അദ്ദേഹത്തെ അടുത്തറിയാനും കല്യാണിക്കുട്ടിയുടെ കേരളമെന്ന പരന്പര വരയ്ക്കുന്ന അദ്ദേഹത്തെ എന്റെ ക്യാൻവാസിലൊതുക്കാനും ഒക്കെ കഴിഞ്ഞു. ഷൂസ് ധരിക്കാത്തതിന്റെ പേരിൽ പണ്ടൊരിക്കൽ തന്നെ അതിപ്രശസ്തമായൊരു ഹോട്ടലിൽ പ്രവേശിപ്പിക്കാതിരുന്നതിനെ പറ്റിയുമൊക്കെ സംഭാഷണത്തിനിടെ അദ്ദേഹം വിശദീകരിച്ചു. വേദികളും ഇടങ്ങളും എത്ര വിശിഷ്ടങ്ങളായിരുന്നെങ്കിലും പാദുകങ്ങൾ ധരിക്കില്ല എന്ന തന്റെ നിലപാടിൽ വെള്ളം ചേർക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഒരോ ഇടങ്ങളിലും ആർക്കൊക്കെ പ്രവേശനം വേണമെന്ന് തീരുമാനിക്കേണ്ടത് അതിന്റെ ഉടമകളാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സാന്നിദ്ധ്യം ആവശ്യമുള്ളവർ നിബന്ധനകൾ മുന്നോട്ടു വയ്ക്കില്ല. അവർക്ക് തന്റെ മഹത്വം തിരിച്ചറിയുന്നവരാണ്. അല്ലാത്തയിടങ്ങളിൽ അതിക്രമിച്ചു കടക്കുന്നതിനോട് യോജിപ്പില്ല എന്നതുമായിരുന്നു ആ മഹാന്റെ നിലപാട്. 

അത് വലിയൊരു ശരിയായിരുന്നു. നോൺ വെജ് ഹോട്ടലിലെത്തി ശുദ്ധ വെജിറ്റേറിയൻ ഭക്ഷണം ആവശ്യപ്പെടുന്നത് നിരർത്ഥകമാണ്. ചിക്കൻ സ്പെഷ്യലുകൾ മാത്രം വിൽക്കുന്ന ഹോട്ടലിലെത്തി ശുദ്ധ വെജിറ്റേറിയൻ ഭക്ഷണം ആവശ്യപ്പെടുന്നതും അതുപോലെ തന്നെയാണ്. സാരിക്കടയിൽ കയറി
ദോശ ഓർഡർ ചെയ്യുന്നവനോ അവളോ ഹോട്ടലാണെന്നു കരുതി ബാർബർ ഷാപ്പിൽ കയറിയ ശ്രീനിവാസൻ കഥാപാത്രത്തിനു സമമാണ്. വിശ്വാസവും ആചാരവും ഇതിനു സമമാണെന്ന് ആരെങ്കിലുമൊക്കെ കരുതിയാൽ കുറ്റം പറയാനാവില്ല. ഓരോ ആരാധനാലയങ്ങൾക്കും അതാത് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആരാധനാശൈലികളുണ്ട്. അതിൽ വിശ്വസമുള്ളവരാണ് അവിടങ്ങളിൽ സാധാരണയായി പോകാറുള്ളത്. ആ വിശ്വാസമുള്ളവരുടെ ഇടമാണ് അത്. വിശ്വാസഭേദമുള്ളവർ അവിടങ്ങളിൽ പോകണമെന്നു നിർബന്ധം പിടിക്കുന്നത് ബാലിശമാണ്. വെജിറ്റേറിയൻ വേണമെന്നു നിർബന്ധമുള്ളവർ എന്തിനാണ് ചിക്കൻ ബിരിയാണി വിൽക്കുന്നിടത്തു നിന്നു തന്നെ അവർക്ക് തൈരുസാദം വേണമെന്നു നിർബന്ധം പിടിക്കുന്നത്.  നാളെത്തൊട്ട് ബി.ജെ.പിക്കാർ പൊളിറ്റ്ബ്യൂറോ യോഗം ചേരണമെന്നും കമ്യൂണിസ്റ്റുപാർട്ടി വർക്കിംഗ് കമ്മറ്റി ചേരണമെന്നും കോൺഗ്രസ് ബൈഠക് നടത്തണമെന്നുമൊക്കെ പറയുന്നവർക്ക് എന്തോ കുഴപ്പമുണ്ട് തീർച്ച.

You might also like

Most Viewed