മു­ത്താണ് ഈ ദ്വീ­പ്


നമ്മുടെ നാടിനെയും നാട്ടുകാരെയും സംബന്ധിച്ച് മോഹിപ്പിക്കുന്ന ഐശ്വര്യങ്ങളുടെ ഇടമായിരുന്നു പണ്ടു ഗൾഫ്. ഒരു ഗതിയും പരഗതിയുമില്ലാത്തവനെയും സുൽത്താനാക്കാൻ ശേഷിയുള്ള മണ്ണ്. അടുപ്പമുള്ളവരും അറിയുന്നവരമായി ഒരുപാടു പേർ ആ ഐശ്വര്യത്തിന്റെ അറബിപ്പൊന്നു തേടി കടൽ കടന്നപ്പോഴും ഉള്ളതുകൊണ്ടു തൃപ്തനായി സ്വന്തം മണ്ണിൽ ഉറച്ചു നിൽക്കാനായിരുന്നു ചെറുപ്പത്തിലെ തീരുമാനം. വളരെ ചെറുപ്പത്തിലെ സ്വന്തം കാലിൽ നിൽക്കുകയും കുറേപ്പേർക്കു നിലനിൽപ്പിനുള്ള മാർഗ്ഗം ഒരുക്കുകയും ചെയ്തതോടേ ചിന്തയിൽ ഒരൽപ്പം താൻ പോരിമയുടെ ലാഞ്ഛന വന്നു. നാട്ടിൽ നിലനിൽപ്പില്ലാത്തവൻ അന്യദേശത്ത് ഭാഗ്യാന്വേഷിയാകുന്നുവെന്ന തിയറിയുടെ ആവിർഭാവം അങ്ങനെയായിരുന്നു. ദൃശ്യ മാധ്യമ ജോലിക്കാലമെത്തിയപ്പോഴേക്കും പിറന്നുവീണ നാട് വല്ലപ്പോഴും വിരുന്നെത്തുന്ന ഇടം മാത്രമായി.

എന്നിട്ടും ഗൾഫ് ഒരിക്കലും പോകേണ്ടി വരില്ലാത്ത ഇടമായി നിന്നു മനസിൽ. ഡി.ഐ.സി രൂപീകരണത്തിലേക്കു നയിച്ച പ്രതിസന്ധിക്കാലത്ത് കെ. മുരളീധരൻ പറഞ്ഞ ഒരു തമാശ പ്രയോഗമുണ്ട്. ഇനി ഈ പ്രായത്തിൽ രാഷ്ട്രീയമുപയോഗിച്ച് ഗൾഫിൽ പോകാനാവില്ലല്ലോ എന്ന്. അന്നു ചില ഒഫീഷ്യൽ മീറ്റിംഗുകളിൽ ആ പ്രയോഗം കടമെടുത്ത് സ്വന്തം നിലപാടുകൂടിയായി ഉപയോഗിച്ചപ്പോഴും കടൽ കടന്നൊരു ജീവിതം സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു. 

രണ്ടായിരത്തി പന്ത്രണ്ടിന്റെ ആദ്യ മാസം ആദ്യമായൊരു വിദേശ മണ്ണിലേക്ക് എത്തിപ്പെടുന്പോഴും അത് ആറുമാസത്തേക്കു മാത്രമെന്ന ഉറച്ച ചിന്തയിലായിരുന്നു. കാലം ചിന്തയുടെ വേഗത്തിൽ പറക്കുകയാണ്. മുത്തുകളുടെ നാട്ടിൽ എന്റെയും പ്രവാസം തുടരുകയാണ്. എപ്പോൾ വേണമെങ്കിലും തിരിച്ചു പോകേണ്ടി വരാവുന്നവരാണ് നമ്മളോരോരുത്തരും. എന്നിട്ടും അനിശ്ചിതത്വത്തിന്റെ ആ ഉറപ്പില്ലാത്തറകളിൽ ആവുന്നത്ര വേരോടിക്കാൻ നമ്മളോരോരുത്തരും ശ്രമം തുടരുകയാണ്. ഒരിക്കലും എത്തിച്ചേരില്ലെന്നു കരുതിയ കോണുകളിൽ സ്വന്തം നിലനിൽപ്പിനുള്ള തന്ത്രങ്ങൾ മെനഞ്ഞു പ്രവർത്തികമാക്കുകയാണു നമ്മൾ. അതിൽ ചിലർ വലിയ വിജയങ്ങൾ സ്വന്തമാക്കുന്നു. മറ്റു ചിലർ നിലനിന്നു പോകുന്നു. ഇനിയും ചിലരാവട്ടെ ജീവിത വഴികളിൽ കാലിടറി വീണുപോകുന്നു. പ്രവാസം അങ്ങനെയാണ്. ചിലരെ ക്ഷിപ്രനേരം കൊണ്ട് വാഴിക്കുന്പോൾ ഇനിയും ചിലരെ മായികച്ചുഴികളിൽ വീഴിക്കുന്നു. 

യാഥാർത്ഥ്യ ബോധം കൈവിടാതിരിക്കുക എന്നതാണ് അറിയാത്ത ഇടങ്ങളിലൂടെ സഞ്ചരിക്കുന്പോൾ നമ്മൾ ചെയ്യേണ്ട പ്രധാന കാര്യം. പാറക്കെട്ടുകൾ പാറക്കെട്ടുകളാണെന്നും ചതുപ്പു നിലങ്ങൾ അപകടകാരികളാണെന്നും പകൽ രാത്രിക്കു വഴിമാറുമെന്നും ഒക്കെയുള്ള തിരിച്ചറിവുള്ളവരായിരിക്കുകയാണ് ഏറ്റവും പ്രധാനം. ഇത്തരം ആളുകൾ നമുക്കൊപ്പം പലരുമുണ്ട്. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള എം.ബി.എ പോലുള്ള ബിരുദങ്ങളൊന്നുമില്ലെങ്കിലും ഇത്തരക്കാരുടെ നിരീക്ഷണങ്ങളും തിരിച്ചറിവുകളുമൊക്കെ ശരിക്കും പ്രായോഗികവും ചിലപ്പോഴെങ്കിലും അത്ഭുതപ്പെടുത്തുന്നതുമായിരിക്കും. അത്തരത്തിലൊരാളാണ് കുര്യച്ചായൻ. അച്ചായൻ പറയുന്നൊരു കഥയുണ്ട്. മൂന്നു ജോടി ഷൂകളുള്ള ഒരു ചെരുപ്പുകടയുടെ കഥ. ആ കടയിലേക്കു കടന്നുവരുന്നവർക്ക് ലഭിക്കുന്നത് ഈ മൂന്നു ജോടി ചെരുപ്പുകളിൽ ഏതെങ്കിലുമൊന്നാണ്. പ്രധാനമായും വരുന്നയാളുടെ ഭാഗ്യമനുസരിച്ചായിരിക്കും ഒരാൾക്ക് ആ ചെരുപ്പു ലഭിക്കുകയത്രേ. അതിൽ ഒരു ജോടി ആളുടെ കാലിനെക്കാൾ ചെറുതായിരിക്കും. അത് ഇട്ടാൽ കാലുപൊട്ടും. ആകെ എന്നും ഒരു ശ്വാസംമുട്ടലായിരിക്കും അതുമായുള്ള യാത്ര. അർഹതയുണ്ടായിട്ടും അതിനൊത്ത അവസരങ്ങൾ ലഭിക്കാത്ത പ്രവാസിയാകുന്നു ഇയാൾ. ഭൂരിപക്ഷം സാഹചര്യങ്ങളും അയാളും ചെരുപ്പുമായി ഒരിക്കലും സമരസപ്പെടുന്നില്ല. ആ യാത്ര ഒരിക്കലും സുഗമമാവുന്നുമില്ല. സ്വന്തം സൈസിനെക്കാൾ വലിയ ചെരുപ്പായിരിക്കും ഇനിയും ചിലർക്ക് ലഭിക്കുക. തുടക്കത്തിൽ ഭാഗ്യമായി കരുതി ഞെളിയുെമങ്കിലും ആ ചെരുപ്പുമായുള്ള യാത്രയും സുഖകരമോ സൗകര്യപ്രദമോ ആവില്ലെന്നുറപ്പ്. യാത്രയുടെ വേഗത സൗകര്യപ്രദമല്ലാതാവുന്ന സാഹചര്യങ്ങളിൽ ചെരുപ്പ് ഊരിപ്പോയേക്കാം.

സ്വന്തം കാലിനും മനസിനും പാകത്തിനുള്ള ചെരുപ്പു ലഭിക്കുന്നവർ അപൂർവ്വമാണ്. ഭാഗ്യമുള്ളവന് അത് ആദ്യമേ ലഭിക്കുന്നു. സാമർത്ഥ്യമുള്ളവൻ ജാഗരൂകനായി അവസരങ്ങൾ തേടി അതു നേടിയെടുക്കുന്നു. ഇനിയും ചിലർ ലഭിക്കുന്ന ചെരുപ്പിനനനുസരിച്ച് സ്വന്തം കാലുകളെ പാകപ്പെടുത്തുകയും ചെയ്യുന്നു. ഇതിലൊക്കെ ഭാഗ്യത്തിന്റെ കയ്യൊപ്പുണ്ടെന്ന കാര്യം നിസ്തർക്കമാണ്. എങ്കിലും ജാഗരൂകതയും തിരിച്ചറിവും അദ്ധ്വാനവും കൊണ്ട് സാഹചര്യങ്ങളെ തങ്ങൾക്ക് അനുകൂലമാക്കാമെന്ന പൊതുതത്വം എപ്പോഴും പ്രസക്തമാണ്. നിലനിൽപ്പും സ്വപ്നങ്ങളും സാഹചര്യങ്ങളുമൊക്കെ തന്നെയാണ് ഓരോരുത്തരെയും പ്രവാസിയാക്കുന്നത്. ഓരോരോ കാര്യങ്ങൾ കൊണ്ടുള്ള അഭയാർത്ഥികളാണ് നമ്മളിൽ ഭൂരിഭാഗവും. അങ്ങനെ വിരുന്നെത്തുന്ന ജീവനുകൾക്കെല്ലാം വേരോട്ടമുണ്ടാക്കുന്നതാണ് ഈ മണ്ണ്. നീലക്കടലലകൾക്കു നടുവിലെ സ്വപ്നഭൂമിയുടെ ദാനമാകുന്നു നമ്മുടെയൊക്കെ ഐശ്വര്യം. ജന്മഭൂമിയുടെ ഐശ്വര്യത്തിനുവേണ്ടി സദാ യത്നിക്കുന്നവരാണ് നമ്മളെല്ലാവരും. അതേപോലെ പ്രധാനമാണ് നമ്മെ നിലനിർത്തുന്ന കർമ്മഭൂമിയുടെ ഐശ്വര്യവും. എല്ലാവർക്കും ഐശ്വര്യമുണ്ടാക്കുന്ന മുത്തുകളുടെ ദ്വീപുരാഷ്ട്രത്തിനും ഉത്തരോത്തരം ഐശ്വര്യങ്ങളുണ്ടാവാൻ നമുക്കും യത്നിക്കാം, പ്രാർത്ഥിക്കാം. 

 

വി.ആർ സത്യദേവ്

You might also like

Most Viewed