വർ­ദ്ധി­ക്കു­ന്ന യു­ദ്ധസാ­ദ്ധ്യത


വി.ആർ സത്യദേവ്

 

പ്തീക്ഷകളും പ്രത്യാശകളുമായിരുന്നു ഈ വാരത്തിന്റെ തുടക്കത്തിൽ ശക്തമായുണ്ടായിരുന്നത്. ദുരിതക്കയത്തിലായ റോഹിങ്ക്യൻ അഭയാർത്ഥികളെ നേരിട്ടെത്തി കണ്ട് അവരുമായി പോപ് ഫ്രാൻസിസ് വേദന പങ്കിട്ടത് കഴിഞ്ഞ വാരമായിരുന്നു. ആരോരുമില്ലാത്തവരുടെ ദുഃഖത്തിന് ഒട്ടെങ്കിലും ആശ്വാസമുണ്ടാക്കാനുള്ള പോപ്പിന്റെ ശ്രമങ്ങൾ യാഥാർത്ഥ്യമാവുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ പോപ്പിന്റെ സന്ദർശനത്തെയും വിവാദമാക്കാൻ ചിലരെങ്കിലും ശ്രമിച്ചു എന്ന കാര്യവും പറയാതിരിക്കാനാവില്ല. സന്ദർശന വേളയിൽ ഒരിക്കൽപ്പോലും റോഹിങ്ക്യൻമാരെന്ന പദം പോപ്പ് ഉപയോഗിച്ചില്ല എന്നതാണ് ആക്ഷേപം. എന്നാൽ സന്ദർശനം കഴിഞ്ഞെത്തിയ പോപ്പ് ഇതിന് വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്.

സന്ദർശന തുടക്കത്തിൽ തന്നെ റോഹിങ്ക്യൻ പക്ഷപാതിയെന്ന പ്രതിശ്ചായ സൃഷ്ടിക്കാതിരിക്കേണ്ടത് തികച്ചും ആവശ്യമായിരുന്നു. ആ പദം ഉച്ചരിച്ചിരുന്നെങ്കിൽ മ്യാൻമർ ഭരണകൂടത്തിലെ ഉന്നതന്മാർ തനിക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുവാദം പോലും നിഷേധിച്ചേനേ. അങ്ങനെ സംഭവിച്ചാൽ പ്രശ്നം അവരുമായി ചർച്ചചെയ്യാൻ കഴിയുമായിരുന്നില്ല. താൻ കരുതൽ കാട്ടിയതിനാൽ അവരുമായി പ്രശ്നത്തിന്മേൽ സംഭാഷണം തുടങ്ങിവയ്ക്കാനായെന്ന് പോപ് പറഞ്ഞു. ആധുനിക ലോകത്ത് ആണവായുധങ്ങളുടെ അളവ് എല്ലാസീമകളും വിട്ട് അധികരിച്ചിരിക്കുന്നുവെന്നും പോപ്പ് പറഞ്ഞു. കൊറിയൻ മേഖലയിലെ സംഘർഷങ്ങളെക്കുറിച്ചാണ് പോപ് പറയാതെ പറഞ്ഞു വെച്ചത്.

പോപ്പിന്റെ ആശങ്ക ശരിെവയ്ക്കുന്നതാണ് കൊറിയയിൽ നിന്നുള്ള ഏറ്റവും പുതിയ വർത്തമാനങ്ങൾ. ഒരു യുദ്ധത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് ഉത്തര കൊറിയയും അമേരിക്കയും സൂചന നൽകുന്നു. ഇരുപക്ഷവും ആശങ്കയ്ക്കു വളം വെയ്ക്കുന്ന നടപടികളാണ് തുടരുന്നത്. പ്രസിഡണ്ട് ട്രംപിന്റെ സന്ദർശനം തൊട്ടിങ്ങോട്ട് കാര്യമായ സംഘർഷ വർത്തമാനങ്ങൾ കേൾക്കാനില്ലാതിരുന്ന കൊറിയയിൽ നിന്നുമുള്ള ഒരു പുത്തൻ പരീക്ഷണം കാര്യങ്ങൾ കുറേക്കൂടി വഷളാക്കിയിരിക്കുന്നു.

അത്യന്താധുനിക ഭൂഖണ്ധാന്തര മിസൈലാണ് ഇത്തവണ ഉത്തര കൊറിയ പരീക്ഷിച്ചിരിക്കുന്നത്. ഭൂഖണ്ധാന്തര മിസൈലെന്നാൽ ഒരു ഭൂഖണ്ധത്തിൽ നിന്നും മറ്റൊരു ഭൂഖണ്ധത്തിലേയ്ക്ക് നേരിട്ടു വിക്ഷേപിക്കാവുന്ന മിസൈൽ. കുറേക്കൂടി ചുരുക്കിപ്പറഞ്ഞാൽ ഉത്തരകൊറിയിൽ നിന്നും നേരിട്ട് അമേരിക്കയെ ആക്രമിക്കാൻ ശേഷിയുള്ള മാരകായുധം. ഈ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഉത്തര കൊറിയ അവകാശപ്പെട്ടു. അതു ശരിയാണെന്ന് അമേരിക്കയും സമ്മതിക്കുന്നു. ഈ പരീക്ഷണത്തോടേ ഉത്തരകൊറിയ അതിന്റെ കരുത്തു കൂട്ടിയിരിക്കുകയാണെന്ന് പെൻ്റഗൺ സ്ഥിരീകരിച്ചു.

എന്നാൽ ഈ പരീക്ഷണവും ഒരു വിനാശകരമായ യുദ്ധത്തിലേയ്ക്കുള്ള കുതിപ്പിന്റെ ഗതിവേഗം കൂട്ടുന്നു എന്നതാണ് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്ആർ മക് മാസ്റ്റർ പ്രതികരിച്ചത്. കൊറിയ നടത്തുന്നത് തികച്ചും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ആയുധ പരീക്ഷണങ്ങളാണ്. യുദ്ധം അനിവാര്യമാണെന്ന നിലപാടിനു കരുത്തു പകരുന്നതാണ് പുതിയ പരീക്ഷണം.

സംഭവം സ്ഥിരീകരിക്കുന്നതിനൊപ്പം അതിശക്തമായ മറുപടിയാണ് അമേരിക്ക കൊറിയയുടെ മിസൈൽ പരീക്ഷണത്തിനു നൽകിയിരിക്കുന്നത്. കൊറിയൻ മേഖലയിൽ അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും സംയുക്ത സൈനികാഭ്യാസം പുരോഗമിക്കുകയാണ്. ആയുധപരീക്ഷണങ്ങളുമായി പ്രകോപന പരന്പര തുടരുന്ന ഉത്തര കൊറിയയ്ക്കുള്ള സന്ദേശം തന്നെയാണ് ഈ സംയുക്ത സൈനികാഭ്യാസം. നൂറുകണക്കിനു യുദ്ധ വിമാനങ്ങളും അമേരിക്കയുടെ ആറ്റവും വലിയ പടക്കപ്പലുകളുമാണ് ഈ പ്രദർശന പരിശീലനത്തിൽ പങ്കെടുക്കുന്നത്. ഈ പടയ്ക്കൊപ്പം തങ്ങളുടെ ഏറ്റവും മാരകമായ പോർവിമാനങ്ങളായ എഫ് 22 കൂടി അയച്ചുകൊണ്ടാണ് അമേരിക്കയുടെ  പുതിയ നീക്കം. ദക്ഷിണകൊറിയൻ ആകാശത്ത് എഫ് 22 പോർവിമാനങ്ങൾ മൂളിപ്പറക്കുന്പോൾ ഉത്തരകൊറിയയ്ക്കുമേൽ അവയ്ക്കു കനത്ത നാശം വിതയ്ക്കാനാവുമെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. മാത്രമല്ല പ്രകോപനം ഇനിയും തുടർന്നാൽ അതിനോടു പ്രതികരിക്കാൻ തങ്ങളുടെ പോർമുനകൾ പടിക്കു പുറത്തു തന്നെയുണ്ടെന്ന ശക്തവും വ്യക്തവുമായ സന്ദേശവും. 

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഉത്തര കൊറിയ തങ്ങളുടെ പുതുപുത്തൻ ഭൂഖണ്ധാന്തര മിസൈൽ പരീക്ഷിച്ചത്. തുടർന്നു നടന്ന വാക്പോരിനൊടുവിൽ ഇന്നു കാലത്തായിരുന്നു അമേരിക്ക എഫ് 22 വിമാനങ്ങൾ പറത്തി പ്രതികരിച്ചത്. ഇവയടക്കം അമേരിക്കയുടെ 230 പോർ വിമാനങ്ങളാണ് മേഖലയിലെ സൈനികാഭ്യാസത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. ഈ എണ്ണം വ്യക്തമാക്കുന്നത് മേഖലയിലെ യുദ്ധസമാന സാഹചര്യം തന്നെയാണ്. അനുരഞ്ജന ശ്രമങ്ങൾ സക്ഷ്യം കണ്ടില്ലെങ്കിൽ യുദ്ധ പ്രഖ്യാപനം അതി വിദൂരത്തല്ല. 

അതേസമയം അമേരിക്കൻ പ്രസിഡണ്ട് ട്രംപ് യുദ്ധത്തിനായി ഇരന്നുകൊണ്ടിരിക്കുകയാണ് എന്ന് ഉത്തര കൊറിയ പരിഹസിക്കുന്നു. ഒരു പ്രമുഖ ദിനപ്പത്തിലാണ് ഇത്തരമൊരു ആരോപണമുള്ളത്. ഏതാനും ആഴ്ചകളായി ഉത്തരകൊറിയൻ നായകൻ കിം ജോംഗ് ഉന്നിന്റേതായി പ്രസ്താവനകളൊന്നും പുറത്തു വന്നിട്ടില്ല. കിം ഗുരുതര രോഗ ബാധിതനാണെന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. രണ്ടു വർഷം മുന്പ് ഏകദേശം 100 ദിവസത്തോളം പൊതുവേദികളിൽ നിന്നും അപ്രത്യക്ഷനായി നിന്ന ചരിത്രമുണ്ട് അദ്ദേഹത്തിന്. വാർത്തകൾക്കും മാദ്ധ്യമങ്ങൾക്കും വലിയ നിയന്ത്രണങ്ങളുള്ള ഉത്തര കൊറിയയിൽ പക്ഷേ കിമ്മിന്റെ അഭാവത്തെക്കുറിച്ചും സ്ഥിരീകരിക്കാൻ കുറ്റമറ്റ മാർഗ്ഗമില്ല. കിം മുന്നിലില്ലെങ്കിലും കൊറിയൻ ഊർജ്ജം ചോരുന്നില്ല എന്നതും ശ്രദ്ധേയമാണ്. വ്യാഴാഴ്ചത്തെ ആയുധ പരീക്ഷണം അതാണ് വ്യക്തമാക്കുന്നത്. 

കൊറിയയിലെ സൈനികാഭ്യാസം കേവലം അഭ്യാസം മാത്രമായല്ല അമേരിക്ക കാണുന്നത്. യുദ്ധസജ്ജരാവുകയാണ് അവർ. ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പൽ ആ സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നു എന്നത് ഏറ്റവും വിനാശശേഷിയുള്ള പോർ വിമാനങ്ങൾ കൊറിയയ്ക്കു മേൽ പാറിപ്പറക്കുന്നു എന്നതോ മാത്രമല്ല അതിനു കാരണം. കൊറിയയിലെ സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്ന സൈനികർക്കൊപ്പം അവരുടെ കുടുംബാംഗങ്ങളെ കൊണ്ടുപോകേണ്ടതില്ല എന്ന സൈന്യത്തിന്റെ പുതിയ നിലപാടു നൽകുന്ന സൂചനയും ഇതു തന്നെയാണ്. എല്ലാം കൊണ്ടും തങ്ങൾ പോരാട്ടത്തിന് സജ്ജമാവുക തന്നെയാണ് എന്നതാണ് അമേരിക്ക വ്യക്തമാക്കുന്നത്.

കൊറിയൻ മണ്ണിൽ മാത്രമല്ല പശ്ചിമേഷ്യയിലും സംഘർഷം അധികരിക്കുമെന്ന സാദ്ധ്യത ശക്തമാവുകയാണ്. ഇവിടെ ജെറുസലേമിനെക്കുറിച്ചുള്ള അമേരിക്കയുടെ പുതിയ നിലപാടാണ് സംഘർഷ സാദ്ധ്യത വർദ്ധിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി നീറിപ്പുകഞ്ഞുകൊണ്ടിരിക്കുകയാണ് ഇസ്രായേൽ പലസ്തീൻ പ്രശ്നം. മൂന്നു മതങ്ങളുടെ വിശുദ്ധമണ്ണാണ് ജെറുശലേം. 1967ലെ മദ്ധ്യേഷ്യൻ യുദ്ധകാലം തൊട്ടിങ്ങോട്ട് ഇസ്രായേൽ കൈയടക്കി വെച്ചിരിക്കുന്ന പ്രദേശമാണ് ഇത്. 1980ൽ അവരത് സ്യന്തം രാജ്യത്തോടു കൂട്ടിച്ചേർത്തു. എന്നാൽ സ്വതന്ത്ര പലസ്തീൻ തങ്ങളുടെ ഭാവി തലസ്ഥാനമായി നിശ്ചയിച്ചിരിക്കുന്നത് കിഴക്കൻ ജെറുശലേമിനെ തന്നെയാണ്. ജെറുശലേമിനേ തർക്ക പ്രദേശമായാണ് ഐക്യരാഷ്ട്ര സഭ പരിഗണിക്കുന്നത്. 

ജറുശലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കാൻ അമേരിക്ക തീരുമാനിച്ചതായുള്ള വാർത്തകളാണ് പുതിയ വിവാദങ്ങൾക്കു തുടക്കം. സ്വന്തം തെരഞ്ഞെടുപ്പു പ്രചാരണ കാലത്തു തന്നെ ഇസ്രായേലിന് അനുകൂലമായ നിലപാടുകളായിരിക്കും തന്റേതെന്ന് പ്രസിഡണ്ട് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ അതു സംബന്ധിച്ച പ്രഖ്യാപനവും വരുന്നു എന്നാണ് സൂചന. തലസ്ഥാനമായി അംഗീകരിക്കുന്നതിനൊപ്പം അമേരിക്കൻ സ്ഥാനപതി കാര്യാലയം ജറുശലേമിലേക്ക് അമേരിക്ക മാറ്റുമെന്നും സൂചനയുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ പ്രസിഡണ്ടിന്റെ ഉപദേഷ്ടാവും മരുമകനുമായ ജയേഡ് കുഷ്നർ തയ്യാറായിട്ടില്ല. കൃത്യ സമയത്ത് പ്രസിഡണ്ട് കൃത്യമായ പ്രഖ്യാപനം നടത്തുമെന്ന കുഷ്നറുടെ വാക്കുകൾ അമേരിക്ക ഈ ഗതിക്കു തന്നെയാണ് നീങ്ങുന്നത് എന്നാണ് വ്യക്തമാക്കുന്നത്.

സംഭവം സത്യമായാൽ അത് പ്രദേശത്തെ സംഘർഷ സാദ്ധ്യത വർദ്ധിപ്പിക്കുക തന്നെ ചെയ്യും. അമേരിക്കൻ നീക്കത്തിനെതിരേ പലസ്തീൻ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് അതിശക്തമായ പ്രതിരോധ നീക്കങ്ങൾ ആരംഭിച്ചു കഴി‌‌ഞ്ഞു. തലസ്ഥാന പ്രഖ്യാപനം തികച്ചും അപകടകരമാണെന്ന് അബ്ബാസിന്റെ ഉപദേശകൻ മജ്ദി അൽ ഖലീദി പറഞ്ഞു.

സംഭവം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ജോർഡനും നിലപാട് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇക്കാര്യത്തിൽ അമേരിക്കൻ േസ്റ്ററ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായി ജോർഡൻ വിദേശകാര്യമന്ത്രി അയ്മാൻ സഫാദി ചർച്ച നടത്തി. 

ഇസ്രായേലിന്റെ പേരിൽ അമേരിക്ക നടത്തിയ പ്രസ്താവന വിവാദമാവുന്നതിനിടെ സിറിയൻ മണ്ണിൽ ഇസ്രായേൽ നടത്തിയ മിസൈലാക്രമണവും ആശങ്ക അധികരിപ്പിക്കുന്നു. മേഖലയിലെ നിരീക്ഷകരൊഴികെ ആരും ആക്രമണ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. സിറിയയിലെ ഇറാന്റെ സൈനിക കേന്ദ്രത്തിനു നേരെയായിരുന്നു ഇസ്രായേലിന്റെ ആക്രമണമെന്ന് സൂചനയുണ്ട്. ഡമാസ്കസിനു വെളിയിലുള്ള രണ്ട് ആയുധ സംഭരണ ശാലകളായിരുന്നു ഇസ്രായേൽ തകർത്തത്. ഹിസ്ബൊള്ള തീവ്രവാദികൾക്ക് ആയുധം കിട്ടുന്നത് തടയാനായിരുന്നു ഇസ്രായേലിന്റെ ആക്രമണമെന്നു വിലയിരുത്തപ്പെടുന്നു. സംഘർഷങ്ങൾ അനുനിമിഷം വർദ്ധിക്കുകയാണ്. ഇതിനിടെയിലും പ്രതീക്ഷ കൈവിടാതിരിക്കുക മാത്രമാണ് നിലനിൽക്കാനുള്ള ഏക മാർഗ്ഗം.

You might also like

Most Viewed