അറസ്റ്റിന് കാരണം കൊറോണ മൂലമുണ്ടായ സാന്പത്തിക പ്രതിസന്ധിയെന്ന് ശ്രീകുമാർ മേനോൻ


കൊച്ചി: സാന്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അറസ്റ്റിൽ വിശദീകരണവുമായി അറസ്റ്റിലായ സംവിധായകൻ ശ്രീകുമാർ മേനോൻ. കൊറോണ മൂലമുണ്ടായ സാന്പത്തിക പ്രതിസന്ധിയാണ് അറസ്റ്റിന് കാരണമായത്. എടുത്ത പണം തനിക്ക് തിരിച്ചടയ്ക്കാൻ സാധിച്ചില്ല. പരാതിക്കാരനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയെന്നും അദ്ദേഹം പരാതി പിൻവലിച്ചുവെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

താൻ 30 വർഷത്തോളമായി അഡ്വെർടൈസിംഗ് ആൻഡ് ബ്രാൻഡിംഗ് കന്പനി നടത്തിവരുന്ന പ്രൊഫഷണലാണ്. തനിക്കെതിരെ വന്ന കേസിന് സിനിമാ നിർമ്മാണവുമായി യാതൊരു ബന്ധവുമില്ല. താൻ സിനിമാ നിർമ്മാണ രംഗത്ത് പ്രവർത്തിയ്ക്കുന്ന ആളല്ല. തനിക്ക് സിനിമയുടെ രംഗത്ത് മാത്രമാണ് ബന്ധമുള്ളതെന്നും ശ്രീകുമാർ വിശദീകരിച്ചു.

പരാതിക്കാരന് ഏഴരക്കോടിയോളം രൂപയുടെ ചെക്ക് നൽകിയാണ് ഇന്നലെ അറസ്റ്റിനെ തുടർന്ന് ശ്രീകുമാർ മേനോനെതിരായ സാന്പത്തിക തട്ടിപ്പ് കേസ് ഒത്തു തീർന്നത്. സിനിമ നിർമ്മിക്കാനായി ശ്രീവത്സം ഗ്രൂപ്പിൽ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പല തവണ ബന്ധപ്പെട്ടിട്ടും പണം നൽകാൻ ശ്രീകുമാർ മേനോൻ തയ്യാറായില്ല. ഇതോടെയാണ് ശ്രീവത്സം ഗ്രൂപ്പ് പോലീസിൽ പരാതി നൽകിയത്. ആലപ്പുഴ സൗത്ത് പോലീസാണ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്.

കേസിൽ ശ്രീകുമാർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാൽ കോടതി ഈ അപേക്ഷ തള്ളി. ഇതോടെയാണ് അറസ്റ്റുണ്ടായത്. പാലക്കാട്ടെ വീട്ടിൽ നിന്നും ആറിന് രാത്രി ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് വ്യക്തികൾ തമ്മിലുള്ള വ്യവഹാരമാണ്. ഇതിന് മാദ്ധ്യമങ്ങൾ നൽകിയ വാർത്താ പ്രാധാന്യം തന്നെ അതിശയപ്പെടുത്തിയെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

You might also like

Most Viewed