മഴവീട് (കവിത)


തണുത്ത ഏകാന്തതയുടെ

വൻ മരങ്ങളായ് തീർന്ന

ബിൽഡിംഗ് കാടുകളിലെ ഫ്ലാറ്റിൽ

ഒറ്റക്കിരുന്ന് മഴ കാണുന്ന കുട്ടി!

മഴ പുറത്ത് കുട്ടിഅകത്ത്

ചില്ലുപാകിയ കിളിവാതിലിലൂടെ

കുട്ടിയെ കാണുന്ന മഴ

ടി.വി.യിലെ 

കാർട്ടൂൺ ബോയിയായിരിക്കുമെന്ന് മഴ

ടെറസിൽ ഒരു പൂച്ചെടി

ഒറ്റക്കു നിന്ന് മഴ കൊണ്ട് തിമിർക്കുന്നു

ശിഖരങ്ങൾ നീണ്ട

പുളിങ്കൊന്പിൽ ഒരു കാക്ക

മഴ നനഞ്ഞു രസിക്കുന്നു

പുളിമരം മഴയെ നിറയ്ക്കുന്നു!

“മാമരങ്ങൾക്കും മാമലകൾക്കും

അപ്പുറം കറുത്തിരുണ്ട 

ഇടിവീടുകളാണ് 

മഴയുടെതെന്ന് “

ചൊടിയിലെ ചെടികൾക്ക്

കൂട്ടുകിടക്കാൻ പോയ അച്ഛമ്മ

ആരോ കോളിങ്ബെല്ലടിച്ചു

ഏതോ ഒരു കിളിയുടെ നാദം

അത് വണ്ണാത്തിക്കളിയുടെ ശബ്ദമാണെന്നും

അതിന് അടക്കാ വലുപ്പവും

എന്റെ നിറവുമാണെന്ന്

അച്ഛമ്മ പറഞ്ഞിരുന്നു

“ നീ ടെറസിൽ നിന്ന് മഴ നനഞ്ഞു അല്ലേ?”

അമ്മ വറവിനിട്ടകടുകുമണിയായ് പെട്ടിത്തെറിച്ചു

അച്ഛൻ വിസിലുകൾ കുടുങ്ങിയ കുക്കറായ് മുരണ്ടു

മഴ കൊണ്ട പാപത്തിന്

ശിക്ഷ (അടി) ഉറപ്പ്

ഒരു മിന്നൽ വാളെടുത്തു

ടെറസിൽ എനിക്കൊപ്പം കളിച്ച മഴയെ

അച്ഛൻ അന്വോഷിക്കുന്നതാവും

അച്ഛന്റെ പോക്കറ്റിലെ 

പട്ടി കുരച്ചു.

അചഛൻ സംസാരവുമായ്

ടെറസു കയറി

അച്ഛൻകുക്കർ

വിസിലുകൾ ഒരോന്നായ് ആവി പായിച്ചു

മഴനനയുന്നതറിയാതെ

അച്ഛൻകുക്കർ ഒരു ശിലയായ്

അവിടെ തണുത്ത് മരവിക്കുന്നുണ്ട്.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed