ലാ സൗഫ്രിയർ അഗ്നിപർവതം പൊട്ടിത്തെറിച്ചു


നസൗ: തെക്കൻ കരീബിയനിൽ ദശാബ്‌ദങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ലാ സൗഫ്രിയർ അഗ്നിപർവതമാണ് വെള്ളിയാഴ്ച പുലർച്ചയോടെ പൊട്ടിത്തെറിച്ചത്. പ്രദേശം പുക നിറഞ്ഞ് മേഘാവൃതമായിരിക്കുകയാണ്. സെന്റ് വിൻസന്റ് ആൻറ് ഗ്രനേഡിയൻസ് ദ്വീപിലാണ് അഗ്നി പർവതം സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ അഗ്നി പർവതത്തിൽ നിന്നും ചെറിയ തീയും പുകയും ഉയർന്നിരുന്നു. ഇത് വർദ്ധിച്ച പശ്ചാത്തലത്തിൽ ദേശീയ അടിയന്തര ദുരന്ത നിവാരണ സേന ജാഗ്രത നിർദ്ദേശം പുറപ്പെടിവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഫോടനം ഉണ്ടായത്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിന്നും മുഴുവൻ ആളുകളെയും ഒഴിപ്പിക്കാൻ പ്രധാനമന്ത്രി റാൽഫ് ഗോൺസാൽവസ് നിർദ്ദേശം നൽകി. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ദൈവാനുഗ്രഹത്താൽ ഇത് തരണം ചെയ്യണമെന്നും ഗോൺസാൽവസ് പറഞ്ഞു.

പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. ഇതുവരെ ഏകദേശം 20,000 ആളുകളെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. ഇതിനു മുൻപ് 1979 ലാണ് ലാ സൗഫ്രിയർ അവസാനമായി പൊട്ടിത്തെറിച്ചത്. അന്ന് ആളപായമോ, നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. എന്നാൽ 1902 ൽ ഉണ്ടായ സ്‌ഫോടനത്തിൽ ഏകദേശം 1700ഓളം ആളുകൾക്കാണ് ജീവൻ നഷ്ടമായത്.

You might also like

Most Viewed