സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ കപ്പൽ ഈജിപ്ത് പിടിച്ചെടുത്തു


കെയ്‌റോ: ഏഷ്യയേയും യൂറോപ്പിനേയും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയാണ് സൂയസ് കനാൽ. ഇവിടെ ആഗോള ചരക്ക് നീക്കത്തിന് തടസ്സം സൃഷ്ടിച്ച് ഒരാഴ്ചയോളമാണ് ഭീമൻ കപ്പലായ എവർ ഗിവൺ കുടുങ്ങി കിടന്നത്. നഷ്ടപരിഹാരം നൽകാത്തതിനാൽ ഭീമൻ ചരക്ക് കപ്പൽ ഈജിപ്ത് പിടിച്ചെടുത്തെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. 900 മില്യൺ യുഎസ് ഡോളർ അടയ്ക്കാത്തതിനാലാണ് ചരക്ക് കപ്പലായ എവർ ഗിവൺ ഈജിപ്ത് പിടിച്ചെടുത്തത്.

കപ്പലിനെ വീണ്ടും ചലിപ്പിക്കുന്നതിനായി നടത്തിയ രക്ഷാ പ്രവർത്തനത്തിന്റെ ചെലവ്, കനാലിന്റെ ഗതാഗതം തടസ്സപ്പെട്ട ദിവസത്തിലെ നഷ്ടപരിഹാരം എന്നിവ ഉൾക്കൊള്ളിച്ചാണ് 900 മില്യൺ ഡോളർ നൽകാൻ കനാൽ അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത്രയും ദിവസമായിട്ടും കപ്പൽ ഉടമകൾ പണം അടച്ചില്ലെന്നും അതിനാലാണ് കപ്പൽ പിടിച്ചെടുത്തതെന്നും കനാൽ അതോറിറ്റി മേധാവി അറിയിച്ചു.

തിങ്കളാഴ്ചയാണ് ഇസ്മായിലിയയിലെ കോടതി കപ്പൽ പിടിച്ചെടുക്കാൻ ഉത്തരവിട്ടത്. നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. മാർച്ച് 23നാണ് എവർ ഗിവൺ സൂയസ് കനാലിൽ കുടുങ്ങിയത്. 300 ഓളം കപ്പലുകളാണ് കപ്പലിന് ഇരുവശത്തുമായി കുടുങ്ങിക്കിടന്നത്. ലോകം ഇതുവരെ കാണാത്ത കപ്പൽ ഗതാഗതക്കുരുക്കിനാണ് ഇത് വഴിയൊരുക്കിയത്.

ഷെൻസൻ തുറമുഖത്തു നിന്നും റോട്ടർഡാമിലേക്ക് പോകുന്നതിനിടെയാണ് പടുകൂറ്റൻ കണ്ടെയ്‌നർ കപ്പൽ സൂയസ് കനാലിൽ കുറുകെ തിരിഞ്ഞ് കുടുങ്ങിപ്പോയത്. ശക്തമായ കാറ്റിനെ തുടർന്ന് കപ്പൽ കനാലിന് കുറുകെ വരികയും മണൽത്തിട്ടയിലേയ്ക്ക് ഇടിച്ചു കയറുകയുമായിരുന്നു. മാർച്ച് 30നാണ് തടസ്സങ്ങൾ നീക്കി കൂറ്റൻ ചരക്കു കപ്പലായ എവർ ഗിവൺ ചലിച്ച് തുടങ്ങിയത്.

You might also like

Most Viewed