ത​പാ​ൽ വോ​ട്ടി​ലും ക്ര​മ​ക്കേ​ടു ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ആ​രോ​പ​ണം


തിരുവനന്തപുരം: ഇരട്ട വോട്ട് വിവാദത്തിനു പിന്നാലെ സുരക്ഷിതമായി ശേഖരിക്കാത്ത തപാൽ വോട്ടിലും ക്രമക്കേടു നടക്കാൻ സാധ്യതയുണ്ടെന്ന് ആരോപണം. സീൽഡ് ബോക്സിൽ ശേഖരിക്കേണ്ട തപാൽ വോട്ടുകൾ സുരക്ഷിതമല്ലാത്ത തരത്തിലാണ് ശേഖരിക്കുന്നതെന്നാണ് ആരോപണമുയരുന്നത്.ജീവനക്കാർക്കുള്ള സ്പെഷൽ തപാൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ ‌ഞായറാഴ്ച തുടങ്ങിയതിനു പിന്നാലെ നടപടിക്രമങ്ങളെക്കുറിച്ചു വ്യാപക പരാതിയും ഉയർന്നു. പ്രത്യേക കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പെട്ടികളിലാണ് വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കിയിട്ടുള്ളത്. ഇതിനായി സീൽഡ് ബോക്സുകൾ ഏർപ്പെടുത്തണമെന്നായിരുന്നു ആവശ്യം. 

എന്നാൽ, കാൾട്ടണുകളിൽ ശേഖരിക്കുന്ന വോട്ടിൽ ഉദ്യോഗസ്ഥർക്കു ക്രമക്കേടു നടത്താൻ അവസരുമുണ്ടാകുമെന്ന പേടി വോട്ടർമാർക്കുമുണ്ട്. വോട്ടവകാശമെന്ന സ്വകാര്യതയ്ക്കും ഇതു വിലങ്ങു തടിയാകും. സീൽഡ് പെട്ടികളിൽ തപാൽ വോട്ട് ശേഖരിക്കണമെന്നു നിർദേശിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ആഴ്ചകൾക്കു മുൻപു തന്നെ പരാതി നൽകിയിട്ടും ഇക്കാര്യത്തിൽ തീരുമാനമെടുക്കാത്ത നടപടിയിൽ പ്രതിപക്ഷ പാർട്ടികൾക്കും എതിർപ്പുണ്ട്. അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്കും വോട്ടെടുപ്പു ദിവസം ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കുമായാണ് തപാൽ വോട്ട് സൗകര്യം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ആരംഭിച്ച 80 വയസിനു മുകളിലുള്ളവരുടേയും കോവിഡ് പോസിറ്റീവായവരുടെയും തപാൽ വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed