നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 74.03 ശതമാനം പോളിംഗ്


കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 74.03 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്ക്. തപാൽ,സർവീസ് വോട്ടുകൾ കൂടി ചേർക്കുന്പോൾ ആകെ പോളിംഗ് ശതമാനം 77 കടന്നേക്കും. 95−ന് മേൽ സീറ്റോടെ ഭരണത്തുടർച്ചയുണ്ടാവും എന്നാണ് എൽഡിഎഫിൻ്റെ അവകാശവാദം. 85−ലേറെ സീറ്റുമായി അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് യുഡിഎഫിൻ്റെ കണക്കുകൂട്ടൽ. നേമത്ത് അടക്കം പത്തോളം സീറ്റുകളിലാണ് ബിജെപിയുടെ വിജയപ്രതീക്ഷ. 

കൊവിഡ് ആശങ്കകൾക്കിടയിലും വാശിയേറിയ പോരാട്ടം നടന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ സാഹചര്യത്തിൽ മെച്ചപ്പെട്ട പോളിംഗുണ്ടായി എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. വാശിയേറിയ രാഷ്ട്രീയ പോരാട്ടം നടന്ന മണ്ഡലങ്ങളിലെ പോളിംഗ് ശതമാനത്തിൽ‍ വർ‍ദ്ധനവുണ്ടായിട്ടുണ്ട്. അതേസമയം പുറത്തേക്ക് ആത്മവിശ്വാസം കാണിക്കുന്നുവെങ്കിലും പ്രവചനങ്ങളും കണക്ക് കൂട്ടലുകളും തെറ്റുമോയെന്ന ആശങ്കയിലാണ് മുന്നണികൾ. പല മേഖലകളിലും പോളിംഗിലുണ്ടായ കുറവും ന്യൂനപക്ഷ മേഖലകളിലും തീരമേഖലകളിലുമുണ്ടായ കനത്ത പോളിംഗും പാർട്ടികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. 

ബൂത്ത് തലത്തിലുള്ള കണക്കുകൾ ഇന്ന് വൈകിട്ടോടെ എല്ലാ പാർട്ടികളുടേയും ആസ്ഥാനത്തേക്ക് എത്തും എന്നാണ് പ്രതീക്ഷ. ഇതോടെ തെരഞ്ഞെടുപ്പിലെ പ്രകടനം സംബന്ധിച്ച ഏകദേശ ധാരണയിലേക്ക് പാർട്ടികൾ എത്തും.  എറണാകുളം ജില്ലയിൽ ട്വന്‍റി20 നേടുന്ന വോട്ടുകൾ നിർണായകമാകും. അതേസമയം കോട്ടയത്ത് കേരള കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ പോളിങ് കുറഞ്ഞു.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed