എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് നാളെ തുടക്കം


തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം. സംസ്ഥാനത്തെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി 8,68,697 വിദ്യാർത്ഥികളാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എഴുതുന്നത്. നാളെ രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയും നടക്കും. എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍ ഏപ്രിൽ 12വരെ ഉച്ചക്ക് ശേഷവും ഏപ്രിൽ 15 മുതല്‍ രാവിലെയുമാണ് നടക്കുക. 

ഈ വർഷം 4,22,226 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഇതില്‍ 2,15,660 പേര്‍ ആണ്‍കുട്ടികളും 2,06,566 പേര്‍ പെണ്‍കുട്ടികളുമാണ്. എസ്എസ്എൽസി പരീക്ഷയ്ക്കായി 2947 പരീക്ഷാകേന്ദ്രങ്ങൾ സജ്ജമായിക്കഴിഞ്ഞു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ രാവിലെ 9.40 മുതൽ ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷ 26ന് സമാപിക്കും. വിഎച്ച്എസ്ഇ ഏപ്രിൽ 9 മുതലാണ് ആരംഭിക്കുക.2004 കേന്ദ്രങ്ങളിലായി 4,46,471 വിദ്യാർത്ഥികളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതുക. ഇതിൽ 2,26,325 പേര്‍ ആണ്‍കുട്ടികളും 2,20,146 പേര്‍ പെണ്‍കുട്ടികളുമാണ്. മാർച്ച്‌ 17മുതൽ നടക്കാനിരുന്ന പരീക്ഷകൾ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് ഏപ്രിൽ 8ലേക്ക് മാറ്റിയത്.

You might also like

Most Viewed