ആൻ അഗസ്റ്റി​ൻ അഭി​നയരംഗത്തേക്ക് മടങ്ങി​യെത്തുന്നു


കൊച്ചി: നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ആൻ അഗസ്റ്റിൻ അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നു. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ഒാട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലെ നായികയായാണ് ആൻ അഗസ്റ്റിന്റെ തിരിച്ചുവരവ്. എം. മുകുന്ദന്റെ ഒാട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കകാരമാണിത്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതുന്നതും എം.മുകുന്ദനാണ്. ഉത്തരവാദിത്തമില്ലാതെ ജീവിക്കുന്ന ഒാട്ടോറിക്ഷക്കാരനും ഉത്തരവാദിത്വബോധമുള്ള അയാളുടെ ഭാര്യയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഒടുവിൽ ഭർത്താവിനെ ഉപദേശിച്ചു സമയം കളയാതെ കുടുംബം പോറ്റാൻ സ്വയം മുന്നിട്ടിറങ്ങുന്ന ഒാട്ടോറിക്ഷക്കാരന്റെ ഭാര്യ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായി മാറുന്നു. അഭിനയജീവിതത്തിലെ ശക്തമായ കഥാപാത്രമാണ് ആൻ അഗസ്റ്റിനെ കാത്തിരിക്കുന്നത്. 

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസറാണ് ഒാട്ടോറിക്ഷക്കാരന്റെ ഭാര്യ നിർമിക്കുന്നത്. 2017ൽ റിലീസായ ദുൽഖർ ചിത്രം സോളോയിലാണ് ആൻഅഗസ്റ്റിൻ ഒടുവിൽ അഭിനയിച്ചത്. ലാൽജോസിന്റെ എൽസമ്മ എന്ന ആൺകുട്ടിയിലൂടെ അഭിനയരംഗത്തെത്തിയ ആൻ അഗസ്റ്റിൻ അർജുനൻ സാക്ഷി, ത്രീ കിംഗ്സ്, ഒാർഡിനറി, വാദ്ധ്യാർ, ഫ്രൈഡേ, പോപ്പിൻസ്, ടാ തടിയാ, റബേക്ക ഉതുപ്പ് കിഴക്കേമല, സിം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed