ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു


ന്യൂഡൽഹി: ഡൽഹിയിൽ കൊറോണ വ്യാപനം രൂക്ഷമായതോടെ വാരാന്ത്യ കർഫ്യു പ്രഖ്യാപിച്ച് സർക്കാർ. ലഫ്റ്റനന്റ് ഗവർണർ അനിൽ ബയ്ജാലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം അറിയിച്ചത്. മാളുകൾ, ചന്തകൾ, ജിംനേഷ്യം തുടങ്ങിയവ വാരാന്ത്യങ്ങളിൽ അടച്ചിടും. വിവാഹം പോലുള്ള ചടങ്ങുകൾക്ക് പാസ് എടുക്കണം. സിനിമാ ഹാളിൽ 30 ശതമാനം ആളുകൾക്ക് മാത്രം പ്രവേശനം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. പാഴ്‌സൽ സർവ്വീസുകൾ അനുവദിക്കും. ആശുപത്രികളിൽ നിലവിൽ കിടക്കകൾക്ക് ക്ഷാമമില്ലെന്നും അവശ്യ സർവ്വീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തില്ലെന്നും അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ രാത്രികാല കർഫ്യൂ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 30 വരെയാണ് കർഫ്യൂ. കൂടാതെ ഗതാഗതത്തിന് ഇപാസ് അടക്കമുള്ള നിയന്ത്രണങ്ങളാണ് നേരത്തെ ഏർപ്പെടുത്തിയിട്ടുള്ളത്. അടിയന്തിര അവശ്യ സേവനങ്ങൾക്ക് മാത്രമാണ് സംസ്ഥാനത്ത് അനുമതിയുള്ളത്. ഇതിന് പിന്നാലെയാണ് വാരാന്ത്യ കർഫ്യൂ സർക്കാർ പ്രഖ്യാപിച്ചത്. അതിനിടെ ഡൽഹിയിൽ ഇന്നലെ 17,282 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 104 പേർ രോഗം ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 7,67,438 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 50,736 പേർ ചികിത്സയിലുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.92 ശതമാനമായി ബുധനാഴ്ച ഉയർന്നത് ആശങ്കപ്പെടുത്തുന്നതാണ്.

You might also like

Most Viewed