കുവൈറ്റ് മുൻ പ്രധാനമന്ത്രി അഴിമതിക്കേസിൽ‍ അറസ്റ്റിൽ‍


കുവൈറ്റ് സിറ്റി: കുവൈറ്റ് മുൻ പ്രധാനമന്ത്രി ജാബിർ‍ അൽ‍ മുബാറക് അൽ‍ ഹമദ് അൽ‍ സബാഹിനെ അഴിമതിക്കേസിൽ‍ പോലിസ് അറസ്റ്റ് ചെയ്തതായി റിപ്പോർ‍ട്ട്. കുവൈറ്റ് കോടതിയുടെ നിർ‍ദ്ദേശപ്രകാരമാണ് അറസ്റ്റ്. അഴിമതിക്കേസിൽ‍ അറസ്റ്റിലാവുന്ന കുവൈറ്റിലെ ആദ്യ മുൻ പ്രധാനമന്ത്രിയാണിദ്ദേഹം. എത്ര കാലത്തേക്കാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല.

സൈനിക സഹായ ഫണ്ട് തിരിമറി നടത്തിയെന്ന കേസിൽ‍ കോടതിയിൽ‍ ഹാജരായ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു. ഇതേകേസിൽ‍ നേരത്തേ അറസ്റ്റിലായ മുൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അൽ‍ ജർ‍റാഹ് അൽ‍ സബാഹിനെയും രണ്ട് സൈനിക ഉദ്യോഗസ്ഥരെയും വിട്ടയക്കില്ലെന്നും കോടതി ഉത്തരവിട്ടു. അതേസമയം, കേസിന്റെ വിശദാംശങ്ങളും വിചാരണ നടപടികളുമായി ബന്ധപ്പെട്ട വാർ‍ത്തകളും പ്രസിദ്ധീകരിക്കുന്നതിൽ‍ നിന്ന് സോഷ്യൽ‍ മീഡിയ ഉൾ‍പ്പെടെ എല്ലാ മാധ്യമങ്ങളെയും കോടതി വിലക്കിയിട്ടുണ്ട്. പ്രതിഭാഗം അഭിഭാഷകരുടെ അപേക്ഷ പരിഗണിച്ചാണിത്.

ഏപ്രിൽ‍ 27ന് കേസിൽ‍ തുടർ‍ വിചാരണ നടക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ‍ റിപ്പോർ‍ട്ട് ചെയ്തു. 2018 നവംബറിലാണ് അഴിമതിയുമായി ബന്ധപ്പെട്ട കേസിന് തുടക്കമായത്. മുൻ‍ പ്രതിരോധ മന്ത്രി ഷെയ്ഖ് നാസർ‍ അൽ‍ സബാഹ് സമർ‍പ്പിച്ച പരാതിയെ തുടർ‍ന്നായിരുന്നു ഇത്. 24 കോടി കുവൈത്ത് ദിനാർ‍ വരുന്ന ആർ‍മി ഫണ്ട് തിരിമറി നടത്തിയെന്നാരോപിച്ചായിരുന്നു പരാതി. ജാബിർ‍ അൽ‍ സബാഹ് ആഭ്യന്തര മന്ത്രിയായിരുന്ന 2001 മുതൽ‍ 2011 വരെയുള്ള കാലയളവിലാണ് അഴിമതി നടന്നതെന്നാണ് ആരോപണം.

You might also like

Most Viewed