രണ്ടായിരത്തിലേറെ പ്രവാസി അധ്യാപകരെ തിരിച്ചെത്തിക്കാനൊരുങ്ങി കുവൈത്ത്


കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനത്തെ തുടർ‍ന്ന് കുവൈറ്റ് പ്രഖ്യാപിച്ച യാത്രാ വിലക്കുകളെ തുടർ‍ന്ന് വിദേശ രാജ്യങ്ങളിൽ‍ കുടുങ്ങിപ്പോയ രണ്ടായിരത്തിലേറെ പ്രവാസി അധ്യാപകർ‍ക്ക് തിരികെ വരാൻ വഴിയൊരുങ്ങി. ഇതുപ്രകാരം 2217 പ്രവാസി അധ്യാപകർ‍ക്ക് കുവൈറ്റിലേക്ക് തിരികെയെത്താന്‍ കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ‍ മുദ്ഹഫിനെ ഉദ്ധരിച്ച് അൽ‍ ഖബസ് പത്രം റിപ്പോർ‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അപേക്ഷ കൊറോണ കാര്യങ്ങളുമായി ബന്ധപ്പെട്ട സുപ്രിം കമ്മിറ്റി അംഗീകരിച്ചതിനെ തുടർ‍ന്നാണിത്.

ആഗസ്തിൽ‍ തിരികെ എത്തിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ‍ അധ്യാപക ക്ഷാമം രൂക്ഷമാണെന്നും വിദേശങ്ങളിലുള്ള അധ്യാപകരെ തിരികെ വരാൻ അനുവദിക്കണമെന്നും കഴിഞ്ഞ ദിവസം മന്ത്രി കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർ‍ന്നായിരുന്നു മന്ത്രിതല സുപ്രിം കമ്മിറ്റിയുടെ നടപടി.

സ്‌കൂളുകളുമായി ആലോചിച്ച ശേഷം അദ്ധ്യാപകരുടെ പട്ടിക മന്ത്രാലയം പ്രസിദ്ധീകരിക്കും. നാട്ടിൽ‍ വച്ച് വിസ കാലാവധി കഴിഞ്ഞവർ‍ക്ക് പ്രത്യേക എൻ‍ട്രി പെർ‍മിറ്റ് അനുവദിക്കുകയോ ഓണ്‍ലൈനായി വിസ പുതുക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയോ ചെയ്യാനാണ് ആലോചന. 

അതേസമയം, അധ്യാപകരുടെ കുടുംബാംഗങ്ങൾ‍ക്ക് പ്രവേശനാനുമതി നൽ‍കുന്ന കാര്യത്തിൽ‍ തീരുമാനമായിട്ടില്ല. 

You might also like

Most Viewed