തമിഴ്‌നാട്ടിൽ 12-ആം ക്ലാസ് പരീക്ഷകൾ മാറ്റിവച്ചു; പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി


ചെന്നൈ: കൊറോണ വ്യാപനം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് തമിഴ്‌നാട്ടിൽ നടക്കാനിരുന്ന പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി സർക്കാർ. 12-ാം ക്ലാസ് പരീക്ഷയും സംസ്ഥാനത്ത് മാറ്റിവച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷകൾ മാറ്റിവെയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് തമിഴ്‌നാട് സർക്കാരിന്റെ തീരുമാനം. മെയ് മൂന്ന് വരെ പരീക്ഷകൾ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാറ്റിവെയ്ക്കുകയായിരുന്നു. പിന്നീട് മെയ് അഞ്ച് മുതൽ 31 വരെ നടത്താൻ തീരുമാനിച്ചു. ഇതിനിടെ കൊറോണയുടെ രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് കൊറോണ വ്യാപനം വീണ്ടും രൂക്ഷമായി. ഇതോടെ അടിയന്തിര യോഗം ചേരുകയും പരീക്ഷകൾ മാറ്റിവെയ്ക്കാൻ തീരുമാനിക്കുകയുമായിരുന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ 14 സ്‌കൂളുകളിൽ കൊറോണ പടർന്നു പിടിയ്ക്കുന്ന സ്ഥിതിയുണ്ടായിരുന്നു. സ്‌കൂളുകളിൽ രോഗം വ്യാപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ രോഗപ്രതിരോധത്തിനാണ് സർക്കാർ ഊന്നൽ കൊടുക്കുന്നതെന്ന് ചീഫ് സെക്രട്ടറി രാജീവ് രഞ്ജൻ വ്യക്തമാക്കി. മാറ്റിവച്ച 12-ാം ക്ലാസ് പരീക്ഷകൾ മെയ് 31ന് ശേഷം നടത്തുന്നത് തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പ് പരിഗണിയ്ക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

You might also like

Most Viewed