ജമ്മുകശ്മീർ മുൻ ഗവർണർ ജഗ്മോഹൻ അന്തരിച്ചു


ശ്രീനഗർ: ജമ്മു കശ്മീർ മുൻ ഗവർണർ ജഗ്മോഹൻ മൽഹോത്ര അന്തരിച്ചു. 94 വയസായിരുന്നു അദ്ദേഹത്തിന്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നലെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ട് തവണ ജമ്മുകശ്മീരിന്റെ ഗവർണർ പദവി ജഗ്മോഹൻ വഹിച്ചിട്ടുണ്ട്. ഗവർണർക്ക് പുറമെ കേന്ദ്രമന്ത്രി സഭാംഗവും ആയിരുന്നു അദ്ദേഹം. കേന്ദ്ര നഗരവികസന, ടൂറിസം വകുപ്പുകളിൽ മന്ത്രി പദവിയും ജഗ്മോഹൻ വഹിച്ചിട്ടുണ്ട്.

1984 മുതൽ 1989 വരെയും 1990 ജനുവരി മുതൽ മെയ് വരെയും അദ്ദേഹം ഗവർണർ പദവി വഹിച്ചു. കോൺഗ്രസ് സർക്കാരാണ് 1984 ൽ ജഗ്മോഹനെ ആദ്യമായി ഗവർണറായി നിയമിച്ചത്. അതിനുശേഷം 1990 ജനുവരിയിൽ വിപി സിംഗ് സർക്കാർ ജഗ്മോഹനെ വീണ്ടും ഗവർണറായി നിയമിച്ചു. 1990 മെയ് വരെ അദ്ദേഹം ഗവർണർ പദവി വഹിച്ചിരുന്നു. പിന്നീട് രാഷ്ട്രീയത്തിലേക്ക് കടന്നു. അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ കാലത്താണ് ജ്ഗമോഹനെ മന്ത്രിയായി തെരഞ്ഞെടുത്തത്.

ജഗ്മോഹന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി. 

You might also like

Most Viewed