കോവിഡ് അതിവ്യാപന മേഖലയായി ബംഗളൂർ


ബംഗളൂരു: കോവിഡ് മഹാമാരി രാജ്യമാകെ വ്യാപിക്കുന്പോൾ ബംഗളൂരുവിലെ കണക്കുകൾ ഞെട്ടിക്കുന്നു. ഞായറാഴ്ച കർണാടകയിൽ 47,930 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ 20,897ഉം ബംഗളൂരുവിലാണ്. കോവിഡ് മൂലം 490 മരണങ്ങൾ പുതിയതായി റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ 281 എണ്ണവും ബംഗളൂരുവിലാണ്. സംസ്ഥാനത്തെ 30 ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തതും ബംഗളൂരുവിലാണ്. ഞായറാഴ്ച മാത്രം ബംഗളൂരുവിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 38.86 ആണ്. ഏറെ ആശങ്ക ജനിപ്പിക്കുന്നതാണ് ബംഗളൂരുവിലെ കോവിഡ് കേസ് വർധന. നഗരത്തിൽ 3.5 ലക്ഷം കോവിഡ് കേസുകളുണ്ടെന്നാണ് ഏകദേശ കണക്ക്. മേയ് എട്ടിന്‍റെ വിവരമനുസരിച്ച് ബംഗളൂരു നഗരത്തിൽ 32,881 പേർക്ക് ഇതുവരെ കോവിഡ് വാക്സിനേഷൻ എടുത്തിട്ടുണ്ട്. 

ബംഗളൂരുവിലെ ഒന്പതു വാർഡുകളിൽ രണ്ട് മാസം മുന്പ് 100 കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇന്നത് ക്രമാതീതമായി പെരുകുന്നു. ശാന്തലാനഗർ, ഹഗദുർ, രാജരാജേശ്വരി നഗർ, ന്യൂ തിപ്പസന്ത്ര, ബെഗുർ, എച്ച്എസ്ആർ ലേഒൗട്ട്, അർക്കരെ തുടങ്ങിയ വാർഡുകളിലാണ് കോവിഡ് രോഗികൾ വലിയ തോതിൽ വർധിക്കുന്നത്. 3000ത്തോളം കോവിഡ് കേസുകളാണ് ഇവിടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്. നഗരപ്രാന്ത പ്രദേശങ്ങളായ ഇവിടങ്ങളിൽ നിർമാണ തൊഴിലാളികളടക്കം സാന്പത്തികമായി താഴ്ന്ന നിലയിലുള്ളവർ ഏറെ താമസിക്കുന്ന സ്ഥലങ്ങളുണ്ട്. അന്യസംസ്ഥാന തൊഴിലാളികളടക്കം താമസിക്കുന്ന കോളനികളും ഇവിടെയുണ്ട്. ഇവിടങ്ങളിലാണ് രോഗം വലിയ തോതിൽ പടർന്നുപിടിച്ചിട്ടുള്ളത്.

കോവിഡ് ടെസ്റ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ ഇവിടുത്തുകാർ വലിയ താത്പര്യം ആദ്യ ദിവസങ്ങളിൽ കാണിച്ചിരുന്നില്ല. കോവിഡ് ടെസ്റ്റ് ചെയ്യുന്നതിലെ അജ്ഞതയും സാന്പത്തിക ചെലവുമാണ് ഇവർ പിൻവലിയാൻ കാരണം. മാസ്ക്, സാനിറ്റൈസർ തുടങ്ങിയ പ്രതിരോധ നടപടികളും ഇത്തരക്കാർ വേണ്ട രീതിയിൽ ചെയ്തിരുന്നില്ല. അപ്പാർട്ട്മെന്‍റുകളിലേക്ക് ഇന്ന് ഇത്തരം കോളനികളിൽനിന്നുമാറി നഗരത്തിലെ പല അപ്പാർട്ട്മെന്‍റുകളിലേക്കു വലിയ തോതിൽ കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞദിവസം വരെ ബംഗളൂരു നഗരത്തിലിറങ്ങുന്ന പലരും മാസ്ക് ധരിക്കാതെയാണ് പുറത്തിറങ്ങിയിരുന്നത്. ഇന്നു ബംഗളൂരുവിലെ ആശുപത്രികൾ പലതും കോവിഡ് രോഗികളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഓക്സിജൻ ക്ഷാമവും രൂക്ഷമാണ്. വെന്‍റിലേറ്ററുകളും ഐസിയുവും കിട്ടാത്ത അവസ്ഥയാണ്. 

രോഗവ്യാപനം കൂടുന്നതിന്‍റെ പശ്ചാത്തലത്തിൽ ഇന്നു മുതൽ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വാക്സിൻ ക്ഷാമം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

Most Viewed