നാൽപ്പതിലേക്ക് കടക്കുന്പോൾ....


നാൽപതുകളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ജോലി സംബന്ധമായ തിരക്കുകൾ, ടെൻഷൻ, വ്യായാമക്കുറവ് ക്രമംതെറ്റിയ ആഹാരരീതികൾ എന്നിങ്ങനെ നിരവധി കാരണങ്ങൾ ഈ കാലയളവിൽ വില്ലനായി വന്നേക്കാം. ഭക്ഷണ ശീലങ്ങളിൽ ചെറിയൊരു മാറ്റം വരുത്തിൽ മതിയാവും ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ പേടിക്കാതെ ജീവിക്കാൻ. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക എന്നത് വളരെ പ്രധാനമാണ്. 20−25 വയസ്സു കഴിഞ്ഞാൽ ശാരീരിക പ്രവർത്തനങ്ങൾ നിലനിർത്താൻ വേണ്ട ഊർജം ലഭിക്കുന്നതിന്, ആവശ്യമായ ഭക്ഷണം മാത്രം കഴിച്ചാൽ മതി. ഉദാഹരണത്തിന് 20−25 പ്രായത്തിൽ ഒരാൾ 8 ഇഡ്ഡലി കഴിക്കുകയാണെങ്കിൽ ഇപ്പോൾ അത് 3−4 മതിയാകും. അധികമായി കഴിക്കുന്നതിൽനിന്നുള്ള ഊർജം കൊളസ്ട്രോളായും മറ്റും സംഭരിക്കുന്നത് അപകടാവസ്ഥക്ക് കാരണമാകും. ഇത് പ്രമേഹംപോലുള്ള രോഗങ്ങളിലേക്ക് നയിക്കും. 

ഇറച്ചി, മുട്ട, വറുത്ത ഭക്ഷണങ്ങൾ എന്നിവ ഉപേക്ഷിക്കാം. അതു സാധിക്കുന്നില്ലെങ്കിൽ അളവ് കുറയ്ക്കുക. ഉപ്പിലിട്ടത്, പപ്പടം, ബേക്കറി സാധനങ്ങൾ, സോഫ്റ്റ്ഡ്രിങ്ക്സ്, ടിൻഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ വളരെ അപകടകാരികളാണ്. അതിനാൽ അവ ഒഴിവാക്കുക തന്നെ വേണം. മീൻകറി, മുട്ടയുടെ വെള്ള എന്നിവ ചെറിയ അളവിൽ കഴിക്കാം. ചെറുമത്സ്യങ്ങളായ അയില, മത്തി, നെത്തോലി തുടങ്ങിയ കഴിക്കാവുന്നതാണ്. ഒപ്പം ഭക്ഷണം സമയം എടുത്ത് ചവച്ച് കഴിക്കുക.

ഇടവേളകളിൽ വിശപ്പ് തോന്നുകയാണെങ്കിൽ പഴങ്ങളോ പഴച്ചാറുകളോ കുടിക്കാവുന്നതാണ്.അളവ് കുറയ്ക്കേണ്ട മറ്റ് ആഹാരസാധനങ്ങളാണ് ഉപ്പ്, പഞ്ചസാര, വറുത്തതും പൊരിച്ചതും മുതലായവ. പണ്ട് പൊതുവെ കണ്ടിരുന്നതും അടുത്തകാലത്ത് മലയാളികൾ തീരെ ഉപേക്ഷിച്ചതുമായ ഒരു ഭക്ഷണരീതിയാണ് മോർ കുടിക്കുക, മോർ കൂട്ടി ഊണ് കഴിക്കുക എന്നത്. ഇന്ന് ഇതിന്റെ സ്ഥാനത്ത് തൈരിന്റെ ഉപയോഗം കൂടി. തൈര് അപകടകാരിയും മോര് രക്ഷകനും ആണ്. ശരീരത്തിനുള്ളിൽ കടന്നുകൂടുന്ന വിഷാംശങ്ങൾ കുടലിൽവെച്ചും കരളിൽവെച്ചും നീക്കംചെയ്യാൻ മോരിന് കഴിവുണ്ട്. ഭക്ഷണത്തിൽ കൂടുതലും പച്ചക്കറികൾ ഉപയോഗപ്പെടുത്തുക. അവയുടെ പോഷകാംശങ്ങൾ നിലനിർത്തുന്ന രീതിയിൽ പാകംചെയ്യുക എന്നതും പ്രധാനമാണ്. നാം താമസിക്കുന്ന സ്ഥലത്ത് സുലഭമായി ലഭിക്കുന്ന സാധനങ്ങൾ ഭക്ഷണപദാർത്ഥങ്ങളായി തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ചക്ക, പൈനാപ്പിൾ എന്നിവ കുടലിലെ കാന്സറിനെ തടയുന്നതിനും പുളിച്ചിക്ക (പുളിക്ക) ഹൃദയത്തിലും രക്തക്കുഴലുകളിലും രക്തം കട്ടപിടിക്കുന്നതിനെ തടയുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും പച്ചത്തേങ്ങ ബി.പി കുറയ്ക്കുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും പേരയ്ക്ക വിരശല്യം തടയുന്നതിനും ഫലവത്താണ്.

You might also like

Most Viewed