ഐപിഎൽ താൽക്കാലികമായി നിർത്തിവെച്ചു


 


മുംബൈ: കൂടുതൽ കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎൽ മത്സരങ്ങൾ റദ്ദാക്കി. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് മുംബൈ ഇന്ത്യൻസുമായി കളിക്കേണ്ടിയിരുന്ന സൺറൈസേഴ്സ് ഹൈദരാബാദിലെ വൃദ്ധിമാൻ സാഹക്കും ഡൽഹി ക്യാപിറ്റൽസിലെ അമിത് മിശ്രക്കും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ബിസിസിഐ അടിയന്തിരമായി തീരുമാനമെടുത്തത്. എന്നാൽ സീസണിലെ മത്സരങ്ങൾ പൂർണമായും ഉപേക്ഷിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഒരാഴ്ചത്തേക്കാണ് മത്സരങ്ങൾ നിർത്തിവെച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെ വരുൺ ചക്രവർത്തിക്കും മലയാളി താരം സന്ദീപ് വാര്യർക്കും കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന ബാംഗ്ലൂർ-കൊൽക്കത്ത മത്സരം മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെ ചെന്നൈ ടീമിന്റെ ബൗളിംഗ് പരിശീലകനായ ലക്ഷിപതി ബാലാജിക്കും സിഇഒ കാശി വിശ്വനാഥനും ടീം ബസിലെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് ഹൈദരാബാദ് ടീമിലെ വൃദ്ധിമാൻ സാഹക്കും ഡൽഹി ക്യാപിറ്റൽസിലെ അമിത് മിശ്രക്കും കൊവിഡ് സ്ഥിരീകരിച്ചത്.
കൊൽക്കത്ത താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹി ക്യാപിറ്റൽസ് താരങ്ങളോട് ക്വാറന്റീനിൽ പോവാൻ ബിസിസിഐ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഡൽഹിയുമായാണ് കൊൽക്കത്ത ഐപിഎല്ലിൽ അവസാന മത്സരം കളിച്ചത്. കൊവിഡ് ഭീതിയെത്തുടർന്ന് അഞ്ച് വിദേശ താരങ്ങൾ നേരത്തെ ടീം വിട്ടിരുന്നു. ടൂർണമെന്റിൽ തുടരണോ അതോ പിൻവാങ്ങണോ എന്ന കാര്യം കളിക്കാർക്ക് തീരുമാനിക്കാമെന്ന് ദക്ഷിണാഫ്രിക്കയുടെയും ഓസ്ട്രേലിയയുടെയും ക്രിക്കറ്റ് ബോർഡുകൾ വ്യക്തമാക്കുകയും ചെയ്തു.

You might also like

Most Viewed