യുഎഇയിൽ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവ് കാരണം രോഗി ‘കോമ’യിലായ സംഭവത്തിൽ‍ ഒരു കോടി ദിർ‍ഹം നഷ്ടപരിഹാരം നൽ‍കാൻ ഉത്തരവ്


ദുബൈ: മൂക്കിലെ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവ് കാരണം രോഗി 'കോമ'യിലായ സംഭവത്തിൽ‍ ഒരു കോടി ദിർ‍ഹം (20 കോടിയോളം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽ‍കണമെന്ന് ദുബൈ സിവിൽ‍ കോടതിയുടെ ഉത്തരവ്. സംഭവത്തിൽ‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ട് ഡോക്ടർ‍മാരും ഒരു ടെക്നീഷ്യനും ശസ്‍ത്രക്രിയ നടത്തിയ ക്ലിനിക്കും ചേർ‍ന്നാണ് നഷ്ടപരിഹാരം നൽ‍കേണ്ടത്.

ശസ്ത്രക്രിയക്ക് നേതൃത്വം നൽ‍കിയ സർ‍ജൻ, അനസ്തേഷ്യ നൽ‍കിയ ഡോക്ടർ‍, അനസ്തേഷ്യ ടെക്നീഷ്യൻ എന്നിവർ‍ക്ക് ഒരു വർ‍ഷം ജയിൽ‍ ശിക്ഷ നേരത്തെ കോടതി വിധിച്ചിരുന്നു. ഇവരുടെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ച കാരണമാണ് യുഎഇ സ്വദേശിയായ 25കാരിക്ക് സ്ഥിര അംഗവൈകല്യങ്ങൾ‍ സംഭവിക്കാൻ ഇടയാക്കിയത്. യുവതിയുടെ കാഴ്ചശക്തിയും കേൾ‍വിയും നഷ്ടമാവുകയും 'കോമ' അവസ്ഥയിലാവുകയും ചെയ്തു. ജയിൽ‍ ശിക്ഷ അനുഭവിച്ചതിന് ശേഷം പ്രതികളെ നാടുകടത്താനാണ് കോടതി ഉത്തരവ്. ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ‍ സെന്റർ‍ മൂന്ന് ലക്ഷം ദിർ‍ഹം പിഴ അടയ്ക്കണമെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു.

ശ്വാസതടസത്തിന് ചികിത്സ തേടിയാണ് 25കാരിയായ സ്വദേശി യുവതി ആശുപത്രിയിലെത്തിയത്. പരിശോധനകൾ‍ക്ക് ശേഷം മൂക്കിലെ എല്ലിന് ശസ്ത്രക്രിയ നിർ‍ദേശിച്ചു. ഇത്തരം ശസ്ത്രക്രിയകൾ‍ നടത്താൻ സൗകര്യമില്ലാതിരുന്ന ക്ലിനിക്കിൽ‍ വെച്ചാണ് ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയക്കിടയിലും ഗുരുതരമായ പിഴവുകൾ‍ ഡോക്ടർ‍മാരുടെ ഭാഗത്തുനിന്നുണ്ടായി.

ശസ്ത്രക്രിയക്കിടെ രോഗിയുടെ രക്തസമ്മർ‍ദം അപകടകരമായ വിധത്തിൽ‍ കുറയുകയും രക്തചംക്രമണത്തിൽ‍ പ്രശ്നങ്ങളുണ്ടാവുകയും ചെയ്തു. തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണത്തിൽ‍ തടസം നേരിടുകയും പലതവണ ഹൃദയസ്തംഭനവുമുണ്ടായതോടെ രോഗി 'കോമ' അവസ്ഥയിലേക്ക് പോവുകയായിരുന്നു.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed